ആദ്യ സിനിമ വൺ മാൻ ഷോ. 2001ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകരായെത്തിയത് ജയറാമും ലാലും. തുടർന്ന് കല്യാണരാമ കല്യാണരാമൻ, പുലിവാൽ കല്യാണം, മായാവി, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്പിനാട് തുടങ്ങി മലായാളിക്ക് എന്നും ഓർത്ത് ചിരിക്കാൻ കഴിയാൻ ചിത്രങ്ങൾ സമ്മാനിച്ചു. തമിഴിൽ മജയെന്ന ചിത്രവും സംവിധാനവും ചെയ്‌തു. നർമത്തിന്റെ ട്രാക്കിലായിരുന്നു ഷാഫിയുടെ ചലച്ചിത്ര യാത്ര. മമ്മൂട്ടിയുടെയും രാജൻ പി ദേവിന്റെയും ഹാസ്യമികവ് ആസ്വാദകർ അറിഞ്ഞത് ഷാഫി ചിത്രങ്ങളിലൂടെ ആയിരുന്നു.
1968 ഫെബ്രുവരിയിൽ എറണാകുളത്തെ പുല്ലേപ്പടിയിലെ കലാകുടുംബത്തിലായിരുന്നു ജനനം. സിനിമയുടെ ആദ്യ പാഠശാല സിദിഖ്– ലാൽ കൂട്ടുകെട്ടായിരുന്നു. ഷാഫിയുടെ അമ്മയുടെ ചെറിയച്ഛന്റെ മകനായിരുന്നു സിദിഖ്. സംവിധായക ജോഡികളായ റാഫി– മെക്കാർട്ടിനിലെ റാഫിയുടെ സഹോദരനാണ്. ആദ്യത്തെ കൺമണി ചിത്രത്തിൽ രാജസേനന്റെയും സംവിധാന സഹായിയായാണ് സിനിമയിൽ പ്രവേശിച്ചത്. 2022 ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. 2018-ൽ ഷാഫി സംവിധാനം ചെയ്ത മെഗാ സ്റ്റേജ് ഷോ മധുരം 18 യുഎസ്എയിലും കാനഡയിലും 15 സ്റ്റേജുകളിലായി അവതരിപ്പിച്ചു. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ.
രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 മണിവരെ കലൂർ മണപ്പാട്ടിപറമ്പിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. ശേഷം മൃതദേഹം വൈകിട്ട് നാലു മണിക്ക് കറുകപ്പള്ളി ജുമാ മസ്ജിദിൽ ഖബറടക്കും.
Director and screenwriter Shafi passes away