സംസ്ഥാനത്ത് പകൽച്ചൂട്‌ കൂടുന്നു; ഇന്ന് ഒന്നുമുതൽ മൂന്നുവരെ ഡിഗ്രി ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്

 


തുലാവർഷം പെയ്തൊഴിഞ്ഞതോടെ കേരളത്തിൽ പകൽ താപനില കൂടുന്നു. ജനുവരിയിൽ കേരളത്തിൽ തണുപ്പുകുറഞ്ഞ് പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പി(ഐ.എം.ഡി.)ന്റെ മുന്നറിയിപ്പുണ്ട്. വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പകൽ താപനില തിങ്കളാഴ്ച സാധാരണയുള്ളതിലും ഒന്നുമുതൽ മൂന്നുവരെ ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്നും പ്രവചിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമാണ് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു കാരണം. മഴ ലഭിച്ചാലും കേരളത്തിൽ ചൂടുകൂടുന്ന പ്രവണത തുടരുമെന്നാണ് നിരീക്ഷണം.


ഡിസംബറിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില (37.4 ഡിഗ്രി സെൽഷ്യസ്) കേരളത്തിലായിരുന്നു. ഡിസംബർ 31-ന് കണ്ണൂർ വിമാനത്താവളത്തിലാണിത് രേഖപ്പെടുത്തിയത്. ഡിസംബർ 14 മുതൽ 19 വരെ തുടർച്ചയായി ആറുദിവസം കണ്ണൂരിലായിരുന്നു കൂടുതൽ ചൂട്.


22-നു കോഴിക്കോട്, 23-നു തിരുവനന്തപുരം, 26-നു പുനലൂർ എന്നിവിടങ്ങളിലും കൂടുതൽ ചൂട് രേഖപ്പെടുത്തി. ജനുവരിയിലെ ആദ്യ രണ്ടുദിവസവും കണ്ണൂരിലായിരുന്നു കൂടുതൽ ചൂട്. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും കഴിഞ്ഞദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയെങ്കിലും വടക്കൻ കേരളത്തിലാണ് ചൂടു കൂടുതൽ.


ശ്രീലങ്കയ്ക്കു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നു പ്രവചനം. 14-നും 15-നും ചില ജില്ലകളിൽ മഴയ്ക്കു സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മഴസാധ്യത. കണ്ണൂർ ജില്ലയുടെ കിഴക്കൻമേഖലയിലും മഴ പെയ്തേക്കും. മഴ ലഭിച്ചാലും പകൽ താപനില കുറയില്ലെന്നും സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു.

വളരെ പുതിയ വളരെ പഴയ