കോഴിക്കോട് :സാമൂഹിക ജീവിയെന്ന നിലയില് മനുഷ്യര്ക്കിടയിലെ ശത്രുതയെക്കാള് ആഴത്തിലുള്ളതാകും പലപ്പോഴും സൗഹൃദവും.
അതിന് ജാതിയോ മതമോ ലിംഗമോ ഭാഷയെ പ്രദേശമോ ഒന്നും തടസ്സമല്ല. കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് അത്തരമൊരു അനുഭവം ഇപ്പോള് സോഷ്യല്മീഡിയയില് ചര്ച്ചയാകുകയാണ്. ഉരുള്പ്പൊട്ടലില് മരിച്ച ഫിറോസ് എന്നയാളുടെ ചളിയും വിയര്പ്പും പുരണ്ട വാച്ചും ഫോണും സ്വന്തമാക്കാനും സൂക്ഷിക്കാനുമായി കടല് കടന്നുവന്ന സുഹൃത്തിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ അനുഭവമാണ് വൈറലാകുന്നത്. ടി. സിദ്ദീഖ് എം.എല്.എ ഉള്പ്പെടെയുള്ളവര് ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന്റെ മുഴുവന് രൂപം:
ഞാനുപയോഗിക്കുന്ന കാർ കഴിഞ്ഞൊരു ദിവസം ഫിർഷാദ് കൊണ്ടു പോയിരുന്നു. നല്ല ഭംഗിയായി വസ്ത്രം ധരിക്കുന്ന, മനോഹരമായി ചിരിക്കുന്നവൻ. കുറഞ്ഞ കാലയളവില്‍ തന്നെ എന്നെ വിസ്മയിപ്പിച്ച ഒരുവനാണ് ഫിർഷാദ്. ആറു മാസമായിട്ടേയുള്ളൂ ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട്. മുണ്ടക്കൈ ഉരുള്‍ പൊട്ടലില്‍ ഉപ്പയും ഉമ്മയും ജ്യേഷ്ഠനും, ജ്യേഷ്ഠന്റെ ഭാര്യയും കുഞ്ഞുമെല്ലാം അവനു നഷ്ടപ്പെട്ടു. ആ പ്രതിസന്ധിയെയെല്ലാം അതിശയകരമായി ഒരു ചെറുപ്പക്കാരൻ മറികടക്കുന്നത് വിസ്മയത്തോടെ ഞാൻ അവനിലൂടെ അനുഭവിക്കുകയാണ്. തന്റെ ഭാഗമായിരുന്ന മനുഷ്യർ ഇല്ലാതാവുമ്ബോള്‍ അവനും ഇല്ലാതാവുകയല്ല. പുതിയൊരാളായി തന്നെ തന്നെ മാറ്റിപണിയുകയാണ് അവനും അവനെയെന്ന പോലെ ആ നാട്ടിലെ മിക്കവരും
ഫിർഷാദ് കാറ് കൊണ്ടു തന്നതിന്റെ പിറ്റേന്ന് രാവിലെ കാറിന്റെ പിൻസീറ്റില്‍ ഒരു പൊതി കണ്ടു. ഒരു കവറില്‍ പൊതിഞ്ഞു വെച്ച പഴയ ഒരു വാച്ചും മൊബൈലും, ഒപ്പം ഡ്രൈവിങ് ലൈസൻസിന്റെ ഒരു കഷ്ണവുമുണ്ട്. മറ്റൊരു കുഞ്ഞു കവറില്‍ കെട്ടിവെച്ച കുറച്ചു ചില്ലറ പൈസയും. എല്ലാത്തിലും ചെളി കയറിയിട്ടുണ്ട്. , ഉരുള്‍ പൊട്ടലിന്റെ ബാക്കിപത്രമെന്ന് കണ്ടാലറിയാം. കാറില്‍ മറന്നു വെച്ചതാകും.
അധികം നേരമായില്ല, അവന്റെ ഫോണ്‍ വന്നുഎപ്പോള്‍ അവൻ വിളിച്ചാലും ഞാൻ"മിസ്റ്റർ ചിഞ്ചൂ.. പറയൂ " എന്ന് പറഞ്ഞാണ് തുടങ്ങുക. ചിഞ്ചു എന്നാണ് അവനെ എല്ലാവരും വിളിക്കാറ്
"മമ്മൂട്ടിക്കാ കാറില്‍ ഒരു കവറുണ്ട്, അത് കളഞ്ഞു പോവല്ലേ
"ആ ഞാൻ കണ്ടു, എന്താണ് സംഗതി"
"അത് ഫിറോസിന്റെതാണ്, ഞാനവിടെ വന്നിട്ട് എടുക്കാം
ഫിർഷാദിന്റെ ജ്യേഷ്ഠനായിരുന്നു ഫിറോസ്. ഇന്നവനില്ല. ഉരുള്‍ അവനെ എങ്ങോട്ടോ കൊണ്ടു പോയി. അവനെ മാത്രമല്ല, ഭാര്യയെയും ഒരു വയസ്സുള്ള അവന്റെ കുഞ്ഞിനേയും. ഫിറോസിന്റെതായി തിരിച്ചറിഞ്ഞ മയ്യത്ത് അന്ന് മേപ്പാടിക്കടുത്ത് നെല്ലിമുണ്ടയില്‍ ഖബറടക്കി. അന്ന് മുതല്‍ എല്ലാ വെള്ളിയാഴ്ചയും രാവിലെ ഫിർഷാദ് അവിടെ പോകും. ഖബറിനടുത്ത് നിന്ന് കാര്യങ്ങളെല്ലാം പറയും എത്രയോ നേരം ജ്യേഷ്ഠനോട് അവന്റെ കഥകള്‍ പറഞ്ഞിട്ടാണ് അവൻ പള്ളിക്കാട്ടില്‍ നിന്നിറങ്ങാറ് . മാസങ്ങള്‍ കഴിഞ്ഞ് DNA പരിശോധന ഫലം വന്നപ്പോള്‍ ആ ഖബറിനുള്ളില്‍ ഫിറോസല്ല, മറ്റൊരാളായിരുന്നു. ചെറുതാക്ക, അയാളോട് ഒരു പാട് കഥകള്‍ പറഞ്ഞത് കേട്ടിട്ട് ഇവനെന്തിനാണ് എന്നോട് ഇതൊക്കെ പറയുന്നത് എന്ന് ആ കാക്ക ആലോചിച്ചു കാണുമെന്നു പറഞ്ഞു പൊട്ടിച്ചിരിച്ച അവനൊപ്പം ചിരിക്കാതെ പിടിച്ചു നില്‍ക്കാൻ എനിക്കും പറ്റുമായിരുന്നില്ല. ഞാൻ അവരെ ചിരിപ്പിക്കുകയല്ല. അവർ എന്നെ ചിരിപ്പിക്കുകയാണിപ്പോള്‍
ഫിറോസിന്റെ വാച്ചും മൊബൈലുമെടുക്കാൻ രാവിലെ തന്നെ 40 കിലോമീറ്റർ ഇപ്പുറം അഞ്ചുകുന്നിലേക്ക് അവനെത്തി. ആ പൊതിയെടുത്ത് കയ്യില്‍ കൊടുക്കുമ്ബോള്‍ ഇതെന്താണ് ഇത്ര അർജന്റ് വൈകുന്നേരം ഞാൻ സ്കൂള്‍ കഴിഞ്ഞ് അങ്ങോട്ട് വരുമ്ബോള്‍ കൊണ്ടു വരുമായിരുന്നില്ലേ എന്ന് ഞാൻ ചോദിച്ചപ്പോള്‍ അവന്റെ സ്വതസിദ്ധമായ ചിരി
" ഫിറോസിന്റെ കൂട്ടുകാരൻ ഗള്‍ഫില്‍ നിന്ന് വന്നിട്ടുണ്ട്, ഇതവന് വേണം. ഇത് നഷ്ടപ്പെടാതിരിക്കാൻ വന്നയുടൻ അവനെന്നോട് ബന്ധപ്പെട്ടു, അവനിപ്പോള്‍ തന്നെ ഞാനിത് കൊണ്ടു കൊടുക്കട്ടെ
ഫിറോസിന്റെ ഓർമ്മക്കായി ഫിർഷാദ് അത് സൂക്ഷിച്ചില്ല, പെങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞിട്ടും കൊടുത്തില്ല. ഫിറോസിന്റെ ആ ആത്മസുഹൃത്തിന്റെ വോയിസ് അവനെനിക്ക് കേള്‍പ്പിച്ചു തന്നു
" ചിഞ്ചൂ, അതെനിക്ക് വേണം, നീ അത് കഴുകുകയോ വൃത്തിയാകുകയോ ഒന്നും ചെയ്യല്ലേ, എനിക്കത് അതേ പോലെ തന്നെ തരണം
തന്റെ പ്രിയ സുഹൃത്തിന്റെ, മണ്ണില്‍ കുതിർന്ന ശേഷിപ്പുകള്‍ക്കായി കടല്‍ കടന്നെത്തി കാത്തിരിക്കുന്ന എനിക്കറിയാത്ത മറ്റൊരു ചെറുപ്പക്കാരൻ, എന്റെ കണ്ണും മനസ്സും നിറക്കാൻ അത് മതിയായിരുന്നു. . എന്തൊരു മനുഷ്യരാണ്. ബന്ധങ്ങള്‍ക്ക്, സൗഹൃദങ്ങള്‍ക്ക്, ഓർമ്മകള്‍ക്ക്, സിഗ്നേച്ചറുകള്‍ക്ക് ചിലയിടങ്ങളില്‍ എന്തൊരു മൂല്യമാണ്. ഞാൻ ഇല്ലാതായിപോകുന്നത് ഈ മനുഷ്യരുടെയൊക്കെ മുന്നിലാണ്. നിർവ്വികാരതയോടെ നില്‍ക്കേണ്ടി വരുമപ്പോഴെല്ലാം, മനുഷ്യ ബന്ധങ്ങളുടെ ഇത്തരം ആഴവും പരപ്പും കാണുമ്ബോഴെല്ലാം അർഹിക്കാത്ത ഏതോ ഒരിടത്ത് ചെന്നു പെട്ട പോലെ തോന്നും...
ഇത്രയുമെഴുതിക്കഴിഞ്ഞപ്പോള്‍ ഈ നിമിഷം ഞാൻ ചിഞ്ചുവിനു മെസേജ് ചെയ്തു
" അത് കൊടുത്തോ അന്ന് തന്നെ"
" ഉം, മുത്തുപ്പയുടെ കയ്യില്‍ കൊടുത്തയച്ചു"
"എന്തേ നേരിട്ട് കൊടുത്തില്ല?"
" ഓനെ കാണാൻ ധൈര്യമില്ല, കണ്ടാല്‍ സീൻ ആണ് "
ഞാൻ അവനു ഡയല്‍ ചെയ്തു. ഒരു കൗതുകത്തിനായി ഫിറോസിന്റെ ആ സുഹൃത്തിന്റെ പേര് ചോദിച്ചു. തന്റെ സുഹൃത്തിന്റെ ആകെയുള്ള ശേഷിപ്പുകളെ മറവി എന്ന സ്വാഭാവികതയോട് പൊരുതാനുറച്ചു തനിക്ക് വേണമെന്ന് വാശി പിടിച്ചവനോടുള്ള ഒരു ആദരവിന് വേണ്ടി മാത്രം.
" മനുപ്രസാദ് "
ഞങ്ങള്‍ മറ്റൊന്നും പറയാതെ ഫോണ്‍ വെച്ചു.