കുഞ്ഞിപ്പള്ളിയില്‍ ദേശീയപാത പ്രവൃത്തി തടഞ്ഞ 10 പേര്‍ അറസ്റ്റിലായി; അഴിയൂരില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തി

 


അഴിയൂർ(കോഴിക്കോട്): ഏറെക്കാലമായി ദേശീയപാതയുടെ പണി നിലച്ച കുഞ്ഞിപ്പള്ളിയില്‍ കളക്ടറുടെ ഉത്തരവു പ്രകാരം വൻ പോലീസ് സന്നാഹത്തോടെ തിങ്കളാഴ്ച പ്രവൃത്തി തുടങ്ങിയെങ്കിലും കുഞ്ഞിപ്പള്ളി മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവൃത്തി തടഞ്ഞു.

തുടർന്ന് 10 പേരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയ ശേഷം പ്രവൃത്തി പുനരാരംഭിച്ചു. പള്ളി സ്ഥലം സംരക്ഷിക്കുക, കുഞ്ഞിപ്പള്ളി ടൗണിലെ യാത്രാ പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോഡിനേഷൻ കമ്മിറ്റി ഉന്നയിക്കുന്നത്.

ഈ വിഷയത്തില്‍ തർക്കം നില നില്‍ക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഒടുവില്‍ തിങ്കളാഴ്ച പോലീസ് സന്നാഹത്തോടെ പ്രവൃത്തി തുടങ്ങുകയായിരുന്നു.

 കോഡിനേഷൻ കമ്മിറ്റി 11 മണിയോടെത്തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. പള്ളിയോടു ചേർന്ന സ്ഥലം കൈയേറാൻ പാടില്ല, പ്രദേശത്തെ യാത്രാ ക്ലേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ കളക്ടർ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് പള്ളി രക്ഷാധികാരി ഹുസൈൻകുട്ടി ഹാജി പറഞ്ഞു.

തഹസില്‍ദാർ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചെങ്കിലും പരിഹാരമായില്ല. തുടർന്ന് പള്ളിക്കമ്മിറ്റി മുൻ പ്രസിഡന്റ് ടി.ജി. ഇസ്മയില്‍, ജോ. സെക്രട്ടറി ഇസ്മയില്‍, കമ്മിറ്റി അംഗം ഷരീഫ് തുടങ്ങി പത്തു പേരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. 

ഇതിനു ശേഷം പ്രവൃത്തി നടത്തുകയും ചെയ്തു. റെയില്‍വേ മേല്‍പ്പാലത്തിനു സമീപമുള്ള അടിപ്പാതയുടെ പ്രവൃത്തിയാണ് പുനരാരംഭിച്ചത്. സമീപത്തെ മതിലുകളും പൊളിച്ചു. 

പ്രോജക്‌ട് റിപ്പോർട്ടില്‍ പറഞ്ഞ കാര്യങ്ങളില്‍ ഭേദഗതി വരുത്താൻ നിർവാഹമില്ലെന്നാണ് അധികൃതരുടെ പക്ഷം. തഹസില്‍ദാർ വർഗീസ് കുര്യൻ, ഡെപ്യൂട്ടി തഹസില്‍ദാർ ഇ.കെ. ഷാജി, സ്പെഷ്യല്‍ വില്ലേജ് ഓഫീസർ ബവിത എന്നിവർ സ്ഥലത്ത് ക്യാമ്പു ചെയ്തു.

 വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ്, ഇൻസ്പെക്ടർമാരായ എൻ. സുനില്‍ കുമാർ, സിജു എന്നിവരുടെ നേതൃത്വത്തില്‍ വടകര, എടച്ചേരി, ചോമ്പാല എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സേനയും സ്ഥലത്ത് നിലയുറപ്പിച്ചു.

അഴിയൂർ പഞ്ചായത്തില്‍ ഇന്ന് ഹർത്താല്‍

കുഞ്ഞിപ്പള്ളി ടൗണില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ദേശീയപാതാ അതോറിറ്റി നിലപാടിനെതിരേ അഴിയൂർ പഞ്ചായത്തില്‍ ചൊവ്വാഴ്ച ഹർത്താല്‍ നടത്താൻ വിവിധ സംഘടനകള്‍ തീരുമാനിച്ചു.

കാലത്ത് ആറു മുതല്‍ നാലുമണിവരെയുള്ള ഹർത്താലിന് വിവിധ രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും, മഹല്ല് കോഡിനേഷൻ കമ്മിറ്റിയും പിന്തുണ പ്രഖ്യാപിച്ചു. കുഞ്ഞിപ്പള്ളി ടൗണില്‍ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്താൻ സർവ കക്ഷി പ്രതിനിധി യോഗം തീരുമാനിച്ചു.

യോഗത്തില്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി.ജി. നാസർ അധ്യഷതവഹിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, സുജിത്ത് പുതിയോട്ടില്‍, പി. ബാബുരാജ്, യു.എ. റഹീം, എ.ടി. ശ്രീധരൻ, വി.പി. പ്രകാശൻ, പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, ഷംസീർ ചോമ്ബാല എന്നിവർ സംസാരിച്ചു.

അതേ സമയം, ഹർത്താലിനെ പിന്തുണക്കില്ലെന്ന് ബി.ജെ.പി. അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു

വളരെ പുതിയ വളരെ പഴയ