കണ്ണൂർ: കെല്‍ട്രോണ്‍ നഗർ - കണ്ണപുരം റോഡില്‍ നാടിന്റെ ആവശ്യമായ അണ്ടർ പാസേജ് നിർമ്മാണം അന്തിമ ഘട്ടത്തിലേക്കടുക്കുമ്പോള്‍ ഇതു വഴി ബസുകള്‍ക്ക് കടന്നു പോകാനാകില്ലെന്നത് യാത്രക്കാർക്കും ജീവനക്കാർക്കും ഇരുട്ടടിയായി. കെല്‍ട്രോണ്‍ നഗർ റോഡില്‍ യാത്രക്കാർക്ക് ദുരിതമായാണ് അണ്ടർ പാസേജ് വന്നിരിക്കുന്നത്.
ദിനം പ്രതി 23 സ്വകാര്യ ബസുകള്‍ സർവീസ് നടത്തുന്ന റൂട്ടിലാണ് ബസ് കടന്നുപോകാൻ പാകത്തിലല്ലാത്ത അണ്ടർപാസേജ് നിർമ്മിച്ചത്. ഇതോടെ ഇതു വഴിയുള്ള ബസ് സർവീസ് വീണ്ടും ദുരിതത്തിലായി.
ആദ്യം ദേശീയപാത അധികൃതർ പുറത്തുവിട്ട വിശദപദ്ധതി രേഖയില്‍ ധർമ്മശാലയിലെ 70 മീറ്റർ നീളത്തിലുള്ള ഓവർബ്രിഡ്ജിനാണ് അംഗീകാരം നല്‍കിയത്. കെല്‍ട്രോണ്‍ നഗറില്‍ അണ്ടർപാസേജ് എന്നത് രേഖയിലുണ്ടായിരുന്നില്ല. ഇതിനായുള്ള പ്രതിഷേധങ്ങളും പരാതികളും ഉയർന്നതോടെയാണ് പുതിയ അണ്ടർപാസേജിന് അധികൃതർ അംഗീകാരം നല്‍കിയത്.
വേണം 7X4 മീറ്റർ
നാല് മീറ്റർ വീതിയിലും രണ്ടു മീറ്റർ ഉയരത്തിലും നിർമ്മാണം തുടങ്ങിയ അണ്ടർപാസേജ് അശാസ്ത്രീയമായതോടെ വീണ്ടും പ്രതിഷേധം ഉയർന്നു. ഒടുവില്‍ നാലു മീറ്റർ വീതിയിലും മൂന്നര മീറ്റർ വീതിയിലുമുള്ള അണ്ടർ പാസേജാണ് പൂർത്തിയാകുന്നത്.
എന്നാല്‍ ബസുകള്‍ക്ക് കടന്നു പോകണമെങ്കില്‍ കുറഞ്ഞത് 7മീറ്റർ ഉയരത്തിലും 4 മീറ്റർ വീതിയിലുമുള്ള അണ്ടർ പാസേജെങ്കിലും വേണം. 10 മീറ്റർ നീളവും 3.9 മീറ്റർ ഉയരവുമാണ് ശരാശരി ബസിന്റെ ഉയരം. സർവീസ് റോഡില്‍ നിന്നും ബസ് വളച്ചെടുക്കാൻ ഇത്രയും സൗകര്യം ലഭിച്ചാല്‍ പോലും പ്രയാസമാണ്.
അടഞ്ഞത് നിരവധി സ്ഥാപനങ്ങളിലേക്കുള്ള വഴി
കണ്ണൂർ സർവകലാശാല കാംപസ്, സ്‌പോർട്സ് സ്‌കൂള്‍, കെ.സി.സി.പി.എല്‍ ഐ.ടി. പാർക്ക്, നീലിയാർ കോട്ടം, കണ്ണൂർ റൂറല്‍ പൊലീസ് ആസ്ഥാനം, വെള്ളിക്കീല്‍ ഇക്കോപാർക്ക്, കണ്ണപുരം റെയില്‍വേ സ്റ്റേഷൻ, മാട്ടൂല്‍, പഴയങ്ങാടി ഭാഗത്തെ നിരവധി സ്വാശ്രയ കേളേജുകള്‍ എന്നിവിടങ്ങളിലേക്ക് നിലവിലുള്ള ദേശീയ പാതയില്‍ നിന്നും എളുപ്പത്തിലെത്താനുള്ള പ്രധാന മാർഗ്ഗമാണ് അധികൃതരുടെ തീരുമാനത്തില്‍ തടസമായത്.
നിലവില്‍ നിർമിച്ച അടിപ്പാത വഴി വലിയ വാഹനങ്ങള്‍ക്ക് കടക്കാൻ സാധിക്കാതെ വന്നാല്‍ സർവീസ് റോഡ് വഴി ഇരുവശത്തേക്കുമുള്ള ഗതാഗത സൗകര്യം ഏർപ്പെടുത്താനാകും.
ദേശീയ പാത സുരക്ഷാ വിഭാഗം എൻജിനീയർ
അണ്ടർ പാസേജ് നിർമ്മിക്കുമ്പോള്‍ യാതൊരു പഠനവും നടത്തിയിട്ടില്ലെന്നതിന്റെ തെളിവാണ് ഇവിടെ കാണാൻ കഴിയുന്നത്. അഞ്ച് കിലോ മീറ്റർ ചുറ്റി വേണം ബസുകള്‍ക്ക് കണ്ണപുരം റോഡിലേക്ക് കടക്കാൻ. കണ്ണപുരത്തെ റെയില്‍വേ ഗേറ്റും കൂടിയാകുമ്പോള്‍ സർവീസുകള്‍ താളം തെറ്റും. വിഷയത്തില്‍ ഭരണാധികാരികള്‍ ഇടപെടാതിരിക്കുന്നത് പ്രതിഷേധാർഹമാണ്എന്നും സ്ഥിരം യാത്രക്കാർ പ്രതികരിച്ചു.