മകൻ മരിച്ചതറിയാതെ അമ്മ ആശുപത്രിക്കിടക്കയില്‍: ബസ്സിനടിയിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം


കോഴിക്കോട്: റേഷൻകടയില്‍ നിന്ന് അരിയുമായി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നയാള്‍ കെ.എസ്.ആർ.ടി.സി. ബസിനടിയില്‍പ്പെട്ട് മരിച്ചു.

ഗോവിന്ദപുരം ലൈബ്രറിക്ക് സമീപം പരേതനായ തിപ്പിലിക്കാട്ട് പാർഥന്റെ മകൻ റോഷൻ (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കല്ലുത്താൻകടവ് പാലത്തിലാണ് അപകടം.

ബസിന്റെ ഇടതു വശത്തു കൂടി വരികയായിരുന്ന റോഷന്റെ സ്കൂട്ടറിന്റെ മുന്നില്‍ വെച്ച അരി സഞ്ചി പാലത്തിന്റെ നടപ്പാതയുടെ അരികില്‍ തട്ടുകയായിരുന്നു. 

നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ സ്കൂട്ടർ വലതു ഭാഗത്തേക്ക് ചരിഞ്ഞ് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസ് മുന്നോട്ടെടുത്തപ്പോള്‍ പിൻചക്രം ദേഹത്തു കൂടി കയറിയിറങ്ങി സംഭവ സ്ഥലത്തു തന്നെ മരിച്ചു. 

അപകടം നടന്നതിന് പിന്നാലെ കസബ പോലീസെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ പത്തനംതിട്ട ഇളമണ്ണൂർ ശ്രീവത്സം ഹൗസില്‍ ശ്രീമുരുകനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അറസ്റ്റുചെയ്ത ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.

മിഠായിത്തെരുവ് എറണാകുളം ടെക്സ്റ്റെല്‍സിലെ ജീവനക്കാരനാണ് റോഷൻ. അമ്മ രമാഭായ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ നാലു ദിവസമായി അവധിയിലായിരുന്നു. അമ്മ ശനിയാഴ്ച ഡിസ്ചാർജ് ചെയ്യാനിരുന്നതാണ്. 

ആശുപത്രിയില്‍ നിന്നു വന്ന് നടക്കാവിലെ റേഷൻകടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ ഷൈനി ഫോർച്യൂണ്‍ അസോസാസിയേറ്റ്സിലെ അക്കൗണ്ടന്റാണ്.

മക്കള്‍: ടി. അഭിനന്ദ് (ബി.ടെക്. അവസാന വർഷ വിദ്യാർഥി വെസ്റ്റ്ഹില്‍ ഗവ,എൻജിനീയറിങ് കോളേജ്), ടി. അഭിഷേക് (എട്ടാം ക്ലാസ് വിദ്യാർഥി ഗവ. ഗണപത് ബോയ്സ് ). 

സഹോദരി രേഷ്മ (അധ്യാപിക, മാലിദ്വീപ്). മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി മാലിയില്‍ നിന്നെത്തിയ ശേഷമായിരിക്കും സംസ്കാരം.

വളരെ പുതിയ വളരെ പഴയ