നിര്‍ത്തിയിട്ട വാഹനമുരുണ്ട് അയ്യപ്പ ഭക്തരെ ഇടിച്ചു; ഭക്തര്‍ വാഹനത്തിന്‍റെ ചില്ലുകള്‍ തകര്‍ത്തു

 


എരുമേലി: നിർത്തിയിട്ടിരുന്ന ടാറ്റാ സുമോ ടാക്സി വാഹനം തനിയെ സ്റ്റാർട്ടായി മുന്നോട്ടുരുണ്ട് രണ്ട് അയ്യപ്പ ഭക്തരെ ഇടിച്ചിട്ട ശേഷം കടയിലേക്ക് ഇടിച്ചു കയറി.

ഗുരുതരമാ‍യി പരിക്കേറ്റ തീർഥാടകയെ എരുമേലി സർക്കാർ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപകടത്തെത്തുടർന്ന് രോഷാകുലരായ അയ്യപ്പ ഭക്തർ ഡ്രൈവറെ കൈയേറ്റം ചെയ്യുകയും വാഹനത്തിന്‍റെ ചില്ലുകള്‍ അടിച്ചു തകർക്കുകയും ചെയ്തു. 

ഇന്നലെ രാവിലെ 8.30ഓടെ എരുമേലി കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് മുന്നില്‍ ദേവസ്വം ബോർഡ് ഗ്രൗണ്ടില്‍ ടാക്സികള്‍ പാർക്ക് ചെയ്യുന്നിടത്താണ് സംഭവം. തമിഴ്നാട് വെല്ലൂർ സ്വദേശി സുശീല (58)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വാഹനമിടിച്ച്‌ ഇടുപ്പെല്ലിന് പൊട്ടലുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് കനിയപ്പന് നിസാര പരിക്കുണ്ട്. 

ശബരിമല ദർശനത്തിന് വന്ന ഇരുവരും ഗ്രൗണ്ടില്‍ താത്കാലിക കടയുടെ മുന്നില്‍ വിരി വച്ച്‌ വിശ്രമിക്കുമ്പോഴാണ് എതിരേ നിർത്തിയിട്ടിരുന്ന ടാക്സി വാഹനം തനിയെ സ്റ്റാർട്ടായി മുന്നോട്ടുരുണ്ട് ഇവരെ ഇടിച്ചത്. കടയുടമയും മറ്റുള്ളവരും ഓടി മാറിയിരുന്നു. 

വാഹനം ഇടിച്ച്‌ കടയുടെ മേല്‍ക്കൂരയിലെ ഷീറ്റുകളും പൈപ്പുകളും ബോർഡും തകർന്ന നിലയിലാണ്. വാഹനം മുന്നോട്ട് ഉരുളുന്നതു കണ്ട് ഓടി വന്ന ഡ്രൈവർ എരുമേലി സ്വദേശി നാലുമാവുങ്കല്‍ രാജൻ വാഹനം പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാഹനം പിടിച്ചു നിർത്താനുള്ള ശ്രമത്തിനിടെ രാജൻ താഴെ വീണിരുന്നു. 

അപകടത്തെ തുടർന്ന് ഓടിക്കൂടിയ അയ്യപ്പ ഭക്തരില്‍ ചിലർ ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും പേട്ട തുള്ളലിന് ഉപയോഗിക്കുന്ന മരത്തടിയിലുള്ള വാള്‍ കൊണ്ട് വാഹനത്തിന്‍റെ മുൻ ഗ്ലാസും സൈഡിലെ ഗ്ലാസും അടിച്ചു തകർക്കുകയും ചെയ്തു. പോലീസും നാട്ടുകാരും ചേർന്നാണ് സംഘർഷം നിയന്ത്രിച്ച്‌ സ്ഥിതി ഗതികള്‍ ശാന്തമാക്കിയത്. 

അപകടത്തിന് കാരണം വാഹനത്തിന്‍റെ സെല്‍ഫ് സ്റ്റാർട്ടിംഗ് സ്വിച്ച്‌ തകരാറിലായത് മൂലമാണെന്ന് പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൈയേറ്റം ചെയ്തതിനും വാഹനത്തിന്‍റെ ചില്ലുകള്‍ തകർത്തതിനും എരുമേലി പോലീസില്‍ പരാതി നല്‍കുമെന്ന് ഡ്രൈവർ രാജൻ പറഞ്ഞു. 

അതേ സമയം ടാക്സികള്‍ ഇവിടെ അനധികൃത പാർക്കിംഗ് നടത്തുന്നത് വിലക്കിയിട്ടുള്ളതാണെന്ന് അറിയിച്ച്‌ ദേവസ്വം ബോർഡ് അധികൃതരും ഗ്രൗണ്ടിന്‍റെ കരാറുകാരനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ