പുലി ഭീതി ഒഴിയാതെ പ്രദേശ വാസികൾ


കണ്ണൂർ: ജില്ലയിലെ മലയോരങ്ങളില്‍ ഒഴിയാതെ പുലി ഭീതി. ഏറ്റവും ഒ‌ടുവില്‍ ഇന്നലെ ആലക്കോട് പടപ്പേങ്ങാട് പുലിയെ കണ്ടതായി പ്രദേശ വാസികള്‍ പറയുകയുണ്ടായി.

വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സമാന രീതിയില്‍ കഴിഞ്ഞ ദിവസം ശ്രീകണ്ഠാപുരം ഏറ്റുപാറയിലും എടയന്നൂരിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ തെളിവുകളൊന്നും കണ്ടെത്താൻ കഴി‌ഞ്ഞില്ല.

ഏരുവേശി കോട്ടക്കുന്നില്‍ 12ന് വൈകിട്ട് മൂന്നോടെ വടക്കേല്‍ സേവ്യർ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. പുലിയെ കണ്ടുവെന്നു പറയുന്ന പ്രദേശങ്ങള്‍ ശ്രീകണ്ഠാപുരം ഫോറസ്റ്റിന്റെയും കാരാമരം തട്ട് സെക്‌ഷന്റെയും അതിർത്തിയിലാണ്. 

ഇവിടെ പരിശോധന നടക്കുന്നതിനിടയിലാണ് വളക്കൈ - ചുഴലി റൂട്ടില്‍ എടയന്നൂരില്‍ പുലിയെ കണ്ടതായി പുലർച്ചെ ടാപ്പിംഗിനെത്തിയ തട്ടേരി സ്വദേശി മോനിച്ചൻ പറഞ്ഞത്. മരക്കൊമ്പ് പൊട്ടി വീഴുന്ന ശബ്ദം കേട്ടു നോക്കിയപ്പോള്‍ പുലി നടന്നു പോകുന്നതായി കണ്ടെന്നാണ് ഇയാള്‍ പറഞ്ഞത്.

കഴിഞ്ഞ ആഴ്ച ചെങ്ങളായില്‍ പുലിയെ കണ്ടെന്ന് സ്ഥിരീകരിച്ചതോടെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിക്കുകയുണ്ടായി. ജനവാസ മേഖല ആയതിനാലും പ്രദേശത്ത് നിന്നും ഒരു കിലോമീറ്റർ അകലെ നായയുടെ രണ്ട് ദിവസം പഴക്കമുള്ള ജഡം കണ്ടെത്തിയതും ആശങ്കയുണ്ടാക്കിയിരുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി ജില്ലയിലെ മലയോരങ്ങളില്‍ പലയിടത്തായി പുലിയെ കണ്ടെന്നുള്ള പരാതിയുണ്ടായിരുന്നു. എരമം, പരിയാരം, കടന്നപ്പള്ളി തുടങ്ങി പലയിടങ്ങളിലും പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. പുലിയുടെ സമാനമായ രൂപം സി.സി.സി ടി.വി ദൃശ്യങ്ങളിലും പതിഞ്ഞിരുന്നു.

കാട്ടുപന്നി അടക്കമുള്ള വന്യമൃഗ ശല്യം മൂലം കൃഷി നശിച്ചു കഷ്ടപ്പെടുന്ന കർഷകർക്ക് പുലിയുടെ അക്രമ ഭീതി കൂടി വന്നതോടെ ജീവൻ പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്.


പ്രതിസന്ധിയില്‍ റബ്ബർ ടാപ്പിംഗ് 

തുടർച്ചയായി പലയിടങ്ങളിലും പുലിയെ കണ്ടെത്തിയതോടെ ഏറെ പ്രതിസന്ധി സൃഷ്ടിച്ചത് റബ്ബർ ടാപ്പിംഗ് തൊഴിലാളികള്‍ക്കാണ്. പലിയിടങ്ങളിലും പുലർച്ചെ റബ്ബർ തോട്ടത്തില്‍ പുലിയെ കണ്ടതായാണ് പലരും പറയുന്നത്. ഒരാഴ്ചയായി ചെങ്ങളായി, എരുവശ്ശേരി പഞ്ചായത്തിലെ ഗ്രാമങ്ങളിലുള്ള പലരും റബ്ബർ ടാപ്പിംഗ് നിർത്തിയിരിക്കുകയാണ്. ഒരാഴ്ച മുൻപ് എടക്കളം തട്ടില്‍ കണ്ടതു പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്.


ഭീതി പടർത്തി വ്യാജ പ്രചാരണവും 

ഇതിനിടയില്‍ പല വ്യാജ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും ആളുകളില്‍ ഭീതി ഇരട്ടിപ്പിക്കുകയാണ്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും പുലി നടന്നു പോകുന്ന വീഡിയോകളും കാല്‍പാടുകളുടെ ചിത്രങ്ങളും പ്രചരിപ്പിക്കുകയാണ്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

രാവിലെ തുടങ്ങേണ്ട ടാപ്പിംഗ് ജോലി പലയിടത്തും സ്തംഭിച്ചിരിക്കുകയാണ്. വളർത്തു മൃഗങ്ങള്‍ അടക്കമുള്ളവയെ ആക്രമിച്ചു കൊന്നിട്ടും അധികൃതർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല. കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവർത്തിക്കാൻ വനം വകുപ്പ് അടക്കമുള്ള അധികൃതർ തയ്യാറാവണം: സജീവ് ജോസഫ് എം.എല്‍.എ.

വളരെ പുതിയ വളരെ പഴയ