കണ്ണൂർ: തോട്ടട ഐ ടി ഐ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‌യു പ്രവർത്തകൻ മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പരുക്കേറ്റ എസ്എഫ്ഐ പ്രവർത്തകൻ ആഷിക്കിന്റെ പരാതിയിൽ 6 കെ എസ് യു പ്രവർത്തകർക്ക് എതിരെയുമാണ് കേസെടുത്തത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിൽ 17 എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരുടെ പേരിലും കേസുണ്ട്. സംഭവത്തിൽ നാളെ മുഴുവൻ രാഷ്ട്രീയ സംഘടനകളെയും ഉൾപ്പെടുത്തി പോലീസ് സർവകക്ഷി യോഗം ചേരും.
സംഘർഷത്തെ തുടർന്ന് കെഎസ്‌യു ജില്ലയിൽ ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും പഠിപ്പു മുടക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
കെഎസ്‌യു പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് റിബിൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം ക്യാമ്പസിൽ കെ എസ് യു കൊടികെട്ടിയതിന് പിന്നാലെ എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പോലീസ് ലാത്തി വീശിയാണ് സംഘർഷം നിയന്ത്രിച്ചത്. അക്രമത്തെ തുടർന്ന് ഐടിഐ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.