കണ്ണൂർ: അർഹതപ്പെട്ട കോടതികള്‍ നിഷേധിച്ച് ജില്ലാ ആസ്ഥാനമായ കണ്ണൂരിന് നീതി നിഷേധിക്കുന്ന സമീപനമാണ് സർക്കാരില്‍ നിന്നും ഉണ്ടാവുന്നതെന്ന് കേരള ബാർ കൗണ്‍സില്‍ അംഗം അഡ്വ.സി കെ രത്നാകരൻ പറഞ്ഞു.
കണ്ണൂരിന് അനുവദിച്ച ഡിജിറ്റല്‍/ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതി യാതൊരു ന്യായീകരണവും ഇല്ലാതെ തീർത്തും ഏകപക്ഷീയമായും ജനാധിപത്യ വിരുദ്ധമായും തലശ്ശേരിയിലേക്ക് മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂർ ബാറിലെ അഭിഭാഷകർ കോടതി നടപടികള്‍ ബഹിഷ്കരിച്ച് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ ലംഘനത്തെ തുടർന്നുള്ള ഏത് പ്രത്യാഘാതവും നേരിടാൻ കണ്ണൂരിലെ അഭിഭാഷക സമൂഹം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തില്‍ മുഖ്യമന്ത്രിയെ സന്ദർശിച്ച അഭിഭാഷക സംഘത്തോട് ചരിത്രം അറിയില്ലേയെന്ന മറുപടിയാണ് കേരളത്തിലെ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതെന്ന് പ്രതിഷേധ സമരത്തില്‍ അധ്യക്ഷനായ കസ്തൂരി ദേവൻ പറഞ്ഞു. മുഖ്യമന്ത്രിയെ കാണാനെത്തിയ ആറംഗ അഭിഭാഷക സംഘത്തോട് ഇരിക്കാൻ പറയാനുള്ള മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹൈക്കോടതി രജിസ്ട്രാറില്‍ നിന്നും പോലും സമരത്തില്‍ നിന്ന് പിൻമാറാനും ഭാവിയില്‍ ഇത്തരം സമരപരിപാടികള്‍ നടത്തരുതെന്നുമുള്ള സന്ദേശമാണ് ഫോണ്‍ സംഭാഷണത്തിലൂടെ ഉണ്ടായത്.
കണ്ണൂർ ബാർ അസോസിയേഷൻ സെക്രട്ടറി ജി വി പങ്കജാക്ഷൻ സ്വാഗതം പറഞ്ഞു. അഭിഭാഷകരായ കെ കെ ബല്‍റാം ,സി കൃഷ്ണൻ, പി പി വേണു, ഇ പി ഹംസക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
ധർണ്ണയില്‍ ബാർ അസോസിയേഷൻ ഭാരവാഹികളും അഭിഭാഷക സംഘടനാ പ്രതിനിധികളും ഉള്‍പ്പെടെ നിരവധി അഭിഭാഷകർ അണി നിരന്നു. കണ്ണൂർ കോടതി പരിസരത്ത് നിന്നും ഇന്ന് രാവിലെ 10.30നാണ് നൂറിലേറെ അഭിഭാഷകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് തുടങ്ങിയത്.