പേരാമ്പ്ര : പേരാമ്പ്ര സ്വദേശികൾ ഉൾപ്പെടെ തൊഴിലന്വേഷകർക്ക് ജോലി വാഗ്ദാനം ചെയ്ത്‌ത് കമ്പോഡിയയിലെ ഓൺലൈൻ തട്ടിപ്പ് കമ്പനിയിൽ എത്തിച്ച് കുടുക്കിയ കേസുകളിലെ മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. തോടന്നൂർ എടത്തുംകര പീടികയുള്ളതിൽ താമസിക്കും തെക്കേ മലയിൽ അനുരാഗ് (25) ആണ് അറസ്റ്റിൽ ആയത്.
പേരാമ്പ്ര കൂത്താളി പനക്കാട് മാമ്പള്ളി അബിൻ ബാബു (25), കിഴക്കൻ പേരാമ്പ്ര പേരാമ്പ്ര കുന്നുമ്മൽ രാജീവൻ (46) എന്നിവരടക്കം പേരാമ്പ്ര വടകര ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് തട്ടിപ്പിനിരയായത്.
ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്‌ദാനം ചെയ്‌താണ് ഇവരെ സംഘം വലയിലാക്കിയത്. തട്ടിപ്പു സംഘത്തിൽ നിന്നും ദിവസങ്ങളോളം ക്രൂര മർദ്ദനമുൾപ്പെടെ ഇവർക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്.
കൂത്താളി പനക്കാട് മാമ്പള്ളി അബിൻ ബാബുവും വടകര മണിയൂർ സ്വദേശികളായ അഞ്ചു പേരും ഒരു എടപ്പാൾ സ്വദേശിയും ബംഗലുരുവിലുള്ള ഒരു യുവാവും ഈ സംഘത്തിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയെങ്കിലും രാജീവൻ ഉൾപ്പെടെ പലരും ഇപ്പോഴും കംബോഡിയയിൽ കുടുങ്ങി കിടക്കുകയാണ്.
കോടികൾ തട്ടിപ്പ് നടത്തിയ പ്രതികൾക്കായി പൊലീസ് വല വിരിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
