തളിപ്പറമ്പ്: ദി പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ തളിപ്പറമ്പ് ശാഖയില്‍ ചികിത്സാ നിലവാരത്തിന് എൻ.എ.ബി.എച്ച് എൻട്രി ലെവല്‍ അംഗീകാരം ലഭിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
എൻ.എ.ബി.എച്ച് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറല്‍ ചടങ്ങ് എട്ടിന് വൈകുന്നേരം മന്ന സൂര്യ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. പയ്യന്നൂർ എം.എല്‍.എ ടി.ഐ മധുസൂദനൻ പയ്യന്നൂർ ഐ ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടർ പി.എം.സുരേഷ് ബാബുവിന് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിക്കും.
ആരോഗ്യ രംഗത്ത് ഉന്നത ഗുണ നിലവാരം ഉറപ്പാക്കുവാൻ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ഹോസ്പിറ്റലുകള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് എൻ.എ.ബി.എച്ച്. ഈ അംഗീകാരം കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടം ലഭിക്കുന്നത് രോഗികള്‍ക്കാണ്. അവർക്ക് ലഭിക്കുന്ന ചികിത്സ ഉന്നത നിലവാരത്തിലുള്ളതായിരിക്കും.
ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിലുള്ള രോഗികള്‍ക്ക് പണ രഹിത പെയ്മെന്റ് എന്ന ആശയവും എൻ.എ.ബി.എച്ച് അംഗീകാരമുള്ള ആശുപത്രികള്‍ക്ക് ഉറപ്പാക്കാൻ സാധിക്കും. വാർത്താ സമ്മേളനത്തില്‍ സി.ഇ.ഒ എ.മുകേഷ്, പി.ആർ.ഒ വി.അജയകുമാർ എന്നിവർ പങ്കെടുത്തു.

