വീട്ടില്‍ ചാരായം വാറ്റുന്നത് എതിര്‍ത്ത മകനെ കുത്തിക്കൊന്ന കേസ്; അച്ഛന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

 


കണ്ണൂർ: കണ്ണൂർ പയ്യാവൂരില്‍ മകനെ കുത്തിക്കൊന്ന കേസില്‍ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി.

ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്. 19 വയസ്സുകാരൻ ഷാരോണിനെയാണ് കുത്തി കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റ് 15 ആയിരുന്നു സംഭവം. മുറിയില്‍ ചേട്ടൻ മൊബൈലില്‍ നോക്കുമ്പോള്‍ പിതാവ് പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്നാണ് സഹോദരന്റെ മൊഴി. പിതാവായ തേരകത്താടി വീട്ടില്‍ സജി ജോർജ് (50) അണ്‌ കേസിലെ പ്രതി. 

കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞിരുന്നു. പ്രതിയുടെ ഭാര്യ ഇറ്റലിയില്‍ നഴ്സ് ആണ്. ഭാര്യ അയക്കുന്ന പണമെല്ലാം മദ്യപിച്ച്‌ തീർക്കുന്നതിനാല്‍ പിന്നീട് ഷരോണിന്റെ പേരിലാണ് ഇവർ പണമയച്ചിരുന്നത്. ഈ വിരോധവും പ്രതിക്ക് ഉണ്ടായിരുന്നുവത്രെ. ഈ വിരോധത്താല്‍ മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. 

31 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. നാല് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. അച്ഛന് ജീവപര്യന്തം തടവു ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കേസില്‍ പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ, മുൻ അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡർ ആയിരുന്ന അഡ്വ.കെ.പി.ബിനീഷയുമാണ് ഹാജരായത്. ഒന്നാം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് മുമ്പാകെയാണ് കഴിഞ്ഞ ശനിയാഴ്ച കേസിൽ വാദം പൂർത്തിയായത്.  കേസിൽ തിങ്കളാഴ്ച വിധി പ്രഖ്യാപിച്ചു.

വളരെ പുതിയ വളരെ പഴയ