കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

 


കണ്ണൂർ: തോട്ടട ഐടിഐയില്‍ നടന്ന വിദ്യാർത്ഥി സംഘർഷത്തില്‍ പ്രതിഷേധിച്ചു കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെ നേതൃത്വത്തില്‍ നടന്ന കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് നടന്ന മാർച്ചില്‍ വ്യാപക സംഘർഷം.

ബാരിക്കേഡിന് മുകളില്‍ കയറി പൊലീസിനെതിരെ ബല പ്രയോഗം നടത്തിയ പ്രവർത്തകർക്കെതിരെ വരുണ്‍ ജലപീരങ്കി പലവട്ടം പ്രയോഗിച്ചു. വരുണിന് നേരെയും ബാരിക്കേഡിന് മറുപുറം നിന്ന പൊലീസുകാർക്കെതിരെയും പൈപ്പും കൊടി കെട്ടിയ പൈപ്പും വലിച്ചെറിഞ്ഞു.


ഇതിനു ശേഷം പൊലീസ് ക്ലബിന് മുൻപിലെ വാഹനഗതാഗതം ഉപരോധിച്ചതിന് ശേഷമാണ് പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായി മടങ്ങിയത്. 

തോട്ടട ഐടിഐയിലെ അക്രമത്തിന് നേതൃത്വം കൊടുത്ത മുഴുവൻ എസ്‌എഫ്‌ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരമാണ് പ്രവർത്തകർ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് തിങ്കളാഴ്ച പകല്‍ 12.30 ഓടെ മാർച്ച്‌ നടത്തിയത്.

കണ്ണൂർ ഡിസിസി ഓഫീസില്‍ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച്‌ കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനു മുൻപില്‍ നിന്നും ബാരിക്കേഡ് ഉയർത്തി പൊലീസ് തടയുകയായിരുന്നു. 


സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡണ്ടുമാരായ പി മുഹമ്മദ്‌ ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ, കെ എസ് യു ജില്ലാ പ്രസിഡണ്ടുമാരായ എം സി അതുല്‍, അൻഷിദ് വി കെ, സൂരജ് വി ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫർഹാൻ മുണ്ടേരി, അർജുൻ കറ്റയാട്ട്, ആസിഫ് മുഹമ്മദ്‌, മിവ ജോളി, റനീഫ്, ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്കർ തുടങ്ങിയവർ നേതൃത്വം നല്‍കി.

മാർച്ചിനെ നേരിടാൻ വളപട്ടണം എഎസ്പി ബി കാർത്തികിന്റെ നേതൃത്വത്തില്‍ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. ടൗണ്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ബാരിക്കേഡ് കെട്ടി മാർച്ച്‌ തടഞ്ഞു. ഇതേ തുടർന്ന് ഉദ്ഘാടനത്തിന് ശേഷം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെയാണ് ജലപീരങ്കി പ്രയോഗവും ബലപ്രയോഗവും നടന്നത്.

 തോട്ടട ഐടിഐയില്‍ കെ എസ് യു നേതാക്കളെയും പ്രവർത്തകരെയും മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കാത്ത ഭരിക്കുന്നവർക്ക് ഒത്താശ ചെയ്യുന്ന പൊലീസിനെതിരെ പ്രതിഷേധം ഇനിയും ശക്തമാക്കുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ