സംസ്ഥാനത്ത് കണ്ണൂരിൽ രണ്ടു പേര്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു

 


കണ്ണൂർ: സംസ്ഥാനത്ത് രണ്ടു പേർക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

യുഎഇയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കും കണ്ണൂർ സ്വദേശിക്കുമാണ് രോഗം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

എംപോക്സ് ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?

ലൈംഗികാവയവങ്ങളിലെ ചുണങ്ങു പോലെയുള്ള പാടുകളാണ് എംപോക്സിൻ്റെ പ്രധാന ലക്ഷണമെന്ന് ലോകാരാഗ്യ സംഘടനയെ ഉദ്ധരിച്ച്‌ കേന്ദ്ര സർക്കാർ പറയുന്നു. 

18-44 വയസ് പ്രായമുള്ള യുവതീ യുവാക്കള്‍ക്കിടയിലാണ് എംപോക്സ് കേസുകള്‍ കൂടുതലായി കാണപ്പെടുന്നത്. എംപോക്സ് പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെയും, രോഗ ബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് പടരുക.

എംപോക്സിൻ്റെ ഇൻകുബേഷൻ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. ചിലപ്പോള്‍ ഇത് 5 മുതല്‍ 21 ദിവസം വരെ നീളാം. രണ്ട് മുതല്‍ നാല് ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാം. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജ്ജക്കുറവ് എന്നിവയാണ് 

പ്രാരംഭ ലക്ഷണങ്ങള്‍. 

പനി വന്ന് 13 ദിവസത്തിനകം കുമിളകള്‍ ദേഹത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുക. ഇതിന് പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്ടീവ, കോർണിയ എന്നീ ശരീര ഭാഗങ്ങളിലും ഇവ കാണപ്പെട്ടേക്കാം.

സമ്പർക്ക വ്യാപന രീതി

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എംപോക്സ് പകരാം. അണ്ണാൻ, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്, രോഗ ബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. 

ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസനത്തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗിയുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് പകരാം.

പ്ലാസൻ്റ് വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ, അല്ലെങ്കില്‍ ജനന സമയത്തോ അതിന് ശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ രോഗം പടരാം. 

ലോക വ്യാപകമായി വസൂരിക്കായുള്ള വാക്സിനേഷൻ നിർത്തലാക്കിയതോടെ എംപോക്സിനെതിരായ പ്രതിരോധ ശേഷി കുറയ്ക്കുന്നതിന് കാരണമായി.

വളരെ പുതിയ വളരെ പഴയ