കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍; നടപടി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ

 


കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ജഡ്ജി എം സുഹൈബിനെ സസ്‌പെന്‍ഡ് ചെയ്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. 

കഴിഞ്ഞയാഴ്ചയാണ് കോടതിയിലെ ഓഫീസ് അസിസ്റ്റന്റിനോട് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ജഡ്ജി സുഹൈബ് പെരുമാറിയത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ജഡ്ജിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

എന്നാല്‍ സുഹൈബിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയതിനെ ചൊല്ലി കോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് ഇടയില്‍ ഉള്‍പ്പെടെ എതിര്‍പ്പുണ്ടായിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. 

ഈ സംഭവത്തില്‍ യുവതി ഇതുവരേയും രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ മുമ്പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ ഉള്‍പ്പെടെ പരാതിയില്ലെങ്കിലും കേസെടുത്ത് മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദേശിച്ചിരുന്നു. സമാനമായ രീതിയിലാണ് ഇപ്പോള്‍ കോഴിക്കോട് സംഭവത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് സമിതി നടപടി സ്വീകരിച്ചിരിക്കുന്നത്. 

ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവം ജുഡീഷ്യറിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തുകയായിരുന്നു.

 ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നൂറിലധികം വരുന്ന കോടതി ജീവനക്കാര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. 

പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും വനിതാ ജീവനക്കാരായിരുന്നു. കോടതി മുറിയില്‍ നടന്ന സംഭവം നിയമ വൃത്തങ്ങളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. സാധാരണക്കാരന് നീതി നടപ്പിലാക്കേണ്ട കോടതി മുറിയില്‍ പോലും ഇത്തരം സംഭവങ്ങളുണ്ടാകുന്നതില്‍ വലിയ ആശങ്കയാണ് ഉയര്‍ന്നതും.

വളരെ പുതിയ വളരെ പഴയ