കണ്ണൂർ: മലബാറിലെ റെയിൽവേ യാത്രക്കാർ നേരിടുന്ന നീറുന്ന യാത്രാ പ്രശ്നങ്ങൾ ഇനിയും ഉയർത്തി കൊണ്ടുവരാൻ സമൂഹം ബദ്ധ ശ്രദ്ധരാവണമെന്ന് രജിസ്ട്രേഷൻ പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.
നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎം.ആർ.പി.സി.) നേതൃത്വത്തിൽ റെയിൽ യാത്രക്കാർ കണ്ണൂരിൽ നടത്തിയ റെയിൽവേ പാസഞ്ചേർസ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈ സോൺ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു.
കണ്ണൂർ മേയർ മുസ്ലീഹ് മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ ബിഷപ്പ് റവ.ഡോ. അലക്സ് വടക്കുംതല വിശിഷ്ട അതിഥിയായി ക്രിസ്തുമസ് സന്ദേശം നൽകി.
എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, സി.വി.മനോഹരൻ, ടി. മിലേഷ് കുമാർ, എൻ.പി.സി. രൺജിത്ത്, പി. വിജിത്ത്കുമാർ, പി.കെ. വത്സരാജ് എന്നിവർ പ്രസംഗിച്ചു. 25 വർഷത്തിലധികമായി സീസൺ ടിക്കറ്റ് എടുത്ത് ട്രെയിൻ യാത്ര ചെയ്ത ടി.കെ.സി. അഹമ്മദിനെ മേയർ ആദരിച്ചു.
ഹോണററി ഡോക്ടറേറ്റ് നേടിയ വിജയൻ കൂട്ടിനേഴത്ത്, ദീർഘകാല സീസൺ ടിക്കറ്റ് യാത്രക്കാരായ ടി.സുരേഷ് കുമാർ, കെ.പി.രാമകൃഷ്ണൻ, ജയകുമാർ കാനായി, കെ.വി.സത്യപാലൻ, പി.അബ്ദുൾ റഹീം, എ.ടി.വി.പ്രദീപ് കുമാർ , എം. സഞ്ജിത്ത് എന്നിവരെ മന്ത്രി ആദരിച്ചു. കണ്ണൂർ ടൗൺ സ്ക്വയർ സിം ഗേർസിന്റെ ഗാനമേളയും ഉണ്ടായിരുന്നു.