കൊച്ചി: തൃശൂർ നാട്ടികയില്‍ റോഡില്‍ ഉറങ്ങിക്കിടന്ന 5 നാടോടികള്‍ ലോറി പാഞ്ഞു കയറി മരിച്ച സംഭവത്തില്‍ രണ്ടാം പ്രതിയായ ഡ്രൈവർക്ക് ജാമ്യമില്ല.
കണ്ണൂർ തളിപ്പറമ്പ് ചാമക്കാലായില്‍ സി.ജെ. ജോസിന്റെ ജാമ്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വലപ്പാട് പൊലീസിന്റെ അന്വേഷണം ഒരു മാസത്തിനകവും കോടതിയിലെ വിചാരണ മൂന്നു മാസത്തിനകവും പൂർത്തിയാക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
ഡ്രൈവറും ക്ലീനർ അലക്സും മദ്യപിച്ചു ലക്കുകെട്ട സാഹചര്യത്തിലാണ് നവംബർ 26ന് അപകടമുണ്ടാക്കിയത്. ഒന്നാം പ്രതിയായ കണ്ണൂർ സ്വദേശി അലക്സാണ് വാഹനമോടിച്ചത്. ഇയാള്‍ക്ക് ലൈസൻസുണ്ടായിരുന്നില്ല. സമൂഹ മനഃസാക്ഷിയെ നൊമ്പരപ്പെടുത്തിയ സംഭവമാണിത്. പ്രതികള്‍ കസ്റ്റഡിയില്‍ വിചാരണ നേരിടേണ്ടതാണെന്നും കോടതി പറഞ്ഞു.
പൊലീസ് അന്വേഷണത്തിന്റെയും വിചാരണയുടെയും സമയക്രമം ഉറപ്പാക്കാൻ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടവും ഹൈക്കോടതി നിർദ്ദേശിച്ചു. റോഡപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സമൂഹത്തിന് സന്ദേശമാകാനാണ് ഈ നിർദ്ദേശങ്ങള്‍.
കേന്ദ്രമന്ത്രിക്ക് മുഖം മറയ്ക്കേണ്ട സ്ഥിതി
റോഡപകടങ്ങള്‍ സംഭവിപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. ഇന്ത്യയിലെ റോഡുകളില്‍ വർഷം ഒരു ലക്ഷത്തിലധികം പേർ മരിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര യോഗങ്ങളില്‍ മുഖം മറച്ചിരിക്കേണ്ട സ്ഥിതിയാണെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റില്‍ പറഞ്ഞതും ഉത്തരവില്‍ പരാമശിച്ചു. അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാൻ അന്വേഷണ ഏജൻസികളും ജുഡിഷ്യറിയും ജാഗ്രത കാട്ടണം.