കണ്ണൂർ:മുടങ്ങിപ്പോയെന്ന് കരുതിയ സ്വപ്‌നമായ ദേശീയപാത വികസനം 2025 ഡിസംബറോടെ യാഥാർഥ്യമാവുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പയ്യന്നൂർ-രാമന്തളി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് കിഫ്ബി ഫണ്ടിൽനിന്ന് 27.94 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ചൂളക്കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ ആറ് വരി ദേശീയപാത പ്രവൃത്തി പൂർത്തിയായ ഇടങ്ങളിലൊക്കെ ഇത് തുറന്നുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. കാസർകോട് മുതൽ മലപ്പുറം വരെ ഏറെക്കുറെ നേരത്തെ തന്നെ പൂർത്തീകരിക്കാനാവും. ബാക്കിയുള്ള സ്ഥലങ്ങളിലാണ് കൂടുതൽ സമയം വേണ്ടിവരിക.
മുടങ്ങിപ്പോയ ദേശീയപാത നിർമ്മാണം പുനരാരംഭിക്കാൻ സ്ഥലമെടുപ്പിനായി 5580 കോടി രൂപ ചെലവഴിച്ചത് കിഫ്ബി വഴിയാണ്. ദേശീയപാത വികസനത്തിന് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സർക്കാർ പണം ചെലവഴിച്ചത്. സർക്കാർ നടത്തിയ തുടർച്ചയായ ഇടപെടലിലൂടെയാണ് ദേശീയപാത വികസനം യാഥാർഥ്യമാവുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ കഴിഞ്ഞ എട്ടുവർഷം നിർണായക പങ്കാണ് കിഫ്ബി വഹിച്ചത്. 18,445 കോടി രൂപയാണ് കഴിഞ്ഞ എട്ട് വർഷം കിഫ്ബി വഴി അടിസ്ഥാന സൗകര്യ വികസന മേഖലയിൽ സംസ്ഥാന സർക്കാർ ചെലവഴിച്ചത്. 223 റോഡുകൾ, 91 പാലങ്ങൾ, 57 റെയിൽവേ മേൽപ്പാലങ്ങൾ, 15 ഫ്‌ളൈ ഓവറുകൾ, ഒരു അടിപ്പാത എന്നിവ കിഫ്ബി ഫണ്ടിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യാഥാർഥ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. ചൂളക്കടവ് പാലം ഒരു നാടിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്‌നമാണെന്നും പാലം സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ട് വർഷമാണ് പ്രവൃത്തി പൂർത്തീകരണത്തിനു അനുവദിച്ചിരിക്കുന്നത്.
ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി.