കണ്ണൂർ: എം.കെ രാഘവൻ എംപിയെ വഴിയില്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവർത്തകർ. കണ്ണൂർ മാടായി കോളേജിലെ നിയമനത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
എം.കെ രാഘവൻ ചെയർമാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളേജ്. രാഘവന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നല്‍കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയത്. തുടർന്ന് കോളേജ് കവാടത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ എംപിയെ തടയുകയായിരുന്നു.
കണ്ണൂർ മാടായി കോളേജില്‍ വെച്ചാണ് സംഭവം. പയ്യന്നൂർ കോർപ്പറേറ്റ് സൊസൈറ്റിക്ക് കീഴിലാണ് കോളേജ് വരുന്നത്. എം.കെ രാഘവൻ എംപിയാണ് കോളേജ് ചെയർമാൻ. ഇവിടെ 2 അറ്റൻഡർ പോസ്റ്റിലേക്കാണ് നിയമനം നടത്താനിരുന്നത്. ഇന്നായിരുന്നു അഭിമുഖം.
എന്നാല്‍ അഭിമുഖത്തിന് മുമ്പ് തന്നെ എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നല്‍കാനുള്ള നീക്കമുണ്ടെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകരുടെ വാദം. ഇതിന് വേണ്ടി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് ആക്ഷേപം.
ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നിരുന്നു. അഭിമുഖം നടത്താനിരുന്ന വേദിയിലേക്ക് രാവിലെയാണ് എംപി എത്തിയത്. എംപിയെ കവാടത്തില്‍ മണ്ഡലം വൈസ് പ്രസിഡൻ്റ് ഉള്‍പ്പെടെയുള്ളവർ തടയുകയായിരുന്നു.
എന്നാല്‍ പ്രതിഷേധം ശക്തമായതോടെ എംപി കാറില്‍ നിന്ന് ഇറങ്ങി നടന്നാണ് കോളേജിലെത്തിയത്. അതേ സമയം, സംഭവത്തില്‍ എംപി പ്രതികരിച്ചിട്ടില്ല. കെപിസിസിക്കും കെ.സി വേണുഗോപാലിനുമുള്‍പ്പെടെ പ്രവർത്തകർ പരാതി നല്‍കിയിട്ടുണ്ട്.
