പരമാവധി സൗജന്യ ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

 


കണ്ണൂർ : പരമാവധി സൗജന്യമായി ചികിത്സ നല്‍കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് വകുപ്പ് മന്ത്രി വീണ ജോർജ്.

പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജില്‍ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആശുപത്രി സമുച്ചയത്തിന്റെ ശിലാ സ്ഥാപനം ഓണ്‍ലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 രോഗത്തിനു മുന്നില്‍ ആരും നിസ്സഹായരായി പോകരുതെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് മന്ത്രി പറഞ്ഞു. രോഗാതുരത കുറയ്ക്കുന്നതിന് ആയുർവേദ മേഖലയില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ അധ്യക്ഷനായ എം വിജിൻ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഒരുപാട് കാലത്തെ കാത്തിരിപ്പാണ് സഫലമാകുന്നതെന്ന് എംഎല്‍എ പറഞ്ഞു. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യത്തെ ആയുർവേദ ഐ ആൻഡ് ഇഎൻടി ആശുപത്രിയാണ് പരിയാരത്ത് ഒരുങ്ങുന്നത്.

നാഷണല്‍ ആയുഷ് മിഷന്റെ പ്ലാനില്‍ 2.60 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.ഓരോ വിഭാഗത്തിനും പ്രത്യേക മുറികള്‍, കാത്തിരിപ്പ് ഹാള്‍, സ്റ്റോർ, ഫാർമസി, കണ്ണട വിഭാഗം, ലിഫ്റ്റ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്നു നില കെട്ടിടമാണ് നിർമ്മിക്കുക. 

പരിശോധനകള്‍ക്ക് അത്യന്താധുനിക ഉപകരണങ്ങളും ലഭ്യമാക്കും. 7216 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം എച്ച്‌എല്‍എല്‍ ലൈഫ് കെയർ ലിമിറ്റഡ് ആണ് ഏറ്റെടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി മുഖ്യാതിഥിയായി. 

കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, വാർഡ് മെമ്പർ വി എ കോമളവല്ലി, പ്രിൻസിപ്പല്‍ ഡോ. വി കെ സുനിത, ആശുപത്രി സൂപ്രണ്ട് ഡോ കെ ഗംഗാധരൻ, നാഷണല്‍ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ കെ സി അജിത് കുമാർ, എച്ച്‌ ഡി എസ് മെമ്പമ്പർമാരായ പി പി ദാമോദരൻ, കെ പി ജനാർദനൻ, കെ വി ബാബു, ടി രാജൻ, പി പി ദിവാകരൻ, കെ ഗോപാലൻ, ജോസ് പള്ളിപ്പറമ്പില്‍, അലുമ്‌നി അസോസിയേഷൻ അംഗം ഡോ എൻ ജയേഷ്, പി ടി എ പ്രസിഡൻറ് എ എ മാത്യു, എ കെ ജി എസിഎഎസ് സെക്രട്ടറി ഡോ സി ജെനിൻജിത്, കെ ഉണ്ണികൃഷ്ണൻ, സി ടി സ്മിത, കോളേജ് യൂണിയൻ പ്രതിനിധി മുഹമ്മദ് ഷംലീഖ്, ഡോ കെ വി ശരവണൻ, ഡോ എസ് എ ലക്ഷ്മി എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ