വിളിച്ചുണർത്താൻ ശ്രമിച്ച് കൂട്ടുകാർ ; പൊട്ടിക്കരഞ്ഞ് പ്രിയപ്പെട്ടവർ: നടുക്കം മാറാതെ കരിമ്പ

 


പാലക്കാട് :കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് വിട നൽകാൻ ജന്മനാട്. എല്ലായ്പ്പോഴും ഒരുമിച്ചായിരുന്ന ഉറ്റ കൂട്ടികാരികളായ നിദ, റിദ, ഇർഫാന, ആയിഷ എന്നിവരുടെ ഖബറടക്കവും ഇന്ന് ഒരുമിച്ച് നടക്കും. രാവിലെ ആറോടെ വീടുകളിൽ എത്തിച്ച കുട്ടികളുടെ മൃതദേഹങ്ങൾ ഇപ്പോൾ കരിമ്പനയ്ക്കൽ ഹാളിലേക്ക് പൊതുദർശനത്തിനായി എത്തിച്ചിട്ടുണ്ട്. 10 മണി വരെ ഹാളിൽ പൊതുദർശനം ഉണ്ടാകും.

കൂട്ടികൾ പഠിച്ച സ്കൂളിൽ പൊതുദർശനമുണ്ടാകില്ല. സ്കൂളിനു ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പൊതു ദർശനത്തിന് ശേഷം തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് പേരുടെയും ഖബറടക്കം നടക്കുന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എം ബി രാജേഷ്, മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

അങ്ങേയറ്റം ഉള്ളുലക്കുന്ന ​ദൃശ്യങ്ങളാണ് കുട്ടികളുടെ വീടുകളിൽ നിന്നും പൊതു ദർശനം നടക്കുന്ന ഹാളിൽ നിന്നും കാണാനാകുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം ദുഖം താങ്ങാനാകാതെ ഒരു നാടൊന്നാകെ പൊട്ടിക്കരയുകയാണ്. ഉറങ്ങിക്കിടക്കുന്ന കൂട്ടുകാരെ വിളിച്ചുണർത്തുന്നുവെന്നോണം പേര് വിളിച്ച് തേങ്ങുന്ന സഹപാഠികളുടെയും കൂട്ടുകാരുടെയും ദൃശ്യം കണ്ടുനിൽക്കാനാകുന്നതല്ല.

കരിമ്പ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളാണ് മരിച്ച നാല് പെൺകുട്ടികളും. ബസിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വിദ്യാർഥികൾ സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ചോദ്യപ്പേപ്പറും ഉത്തരങ്ങളും ഒത്തുനോക്കി നടക്കുന്നതിനിടെ പിന്നിലൂടെ വന്ന ലോറി അവരുടെ ജീവനെടുക്കുകയായിരുന്നു. മരിച്ച ഇർഫാനയുടെ ഉമ്മയുടെ മുമ്പിൽ വച്ചായിരുന്നു അപകടം നടന്നത്. ഇർഫാനയെ പല്ലുവേദനയ്ക്ക് ആശുപത്രിയിൽ കൊണ്ടുപോകാൻ സ്കൂളിലെത്തിയ അമ്മ ഇവർക്ക് തൊട്ടു മുൻപിൽ ഉണ്ടായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സഹപാഠി അജ്ന അത്ഭുതകരമായി രക്ഷപെട്ടെങ്കിലും ഞെട്ടലിൽ നിന്ന് വിമുക്തയായിട്ടില്ല

വളരെ പുതിയ വളരെ പഴയ