വാക്കുകളെ നേഞ്ചേറ്റിയ കലാകാരന് വിട: ഇന്ന് വൈകിട്ട് മാവൂർ പൊതു ശ്മശാനത്തിലെ 'സ്മൃതി പഥത്തിൽ' എം.ടി ക്ക് അന്ത്യ വിശ്രമം

 


കോഴിക്കോട്:  ഏഴു പതിറ്റാണ്ടിലേറെ മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ എം.ടി ഇനിയില്ല. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് പത്തു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലിരിക്കെയാണ് വിയോഗം.

 മരണ സമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചു മകന്‍ മാധവും സമീപത്തുണ്ടായിരുന്നു. 91ാം വയസില്‍ വിട വാങ്ങിയ ഭാഷയുടെ കുലപതിക്ക് കേരളം അന്ത്യാഞ്ജലി അർപ്പിച്ചു. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയില്‍ ഇന്ന് പകല്‍ മുഴുവൻ അന്ത്യോപചാരം അർപ്പിക്കാൻ സാഹചര്യമൊരുങ്ങി. 

ഉറ്റ ബന്ധുക്കളും സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര പ്രവർത്തകരും അടക്കം ആയിരങ്ങളാണ് അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാൻ സിതാരയിലേക്ക് എത്തിയത്. എംടിയുടെ ആഗ്രഹ പ്രകാരമാണ് വീട്ടിൽ മാത്രമായി അന്തിമ ദർശന സൗകര്യം ഏർപ്പെടുത്തിയതും പൊതു ദർശനം ഒഴിവാക്കിയതും.

മാവൂർ റോഡിലെ സ്മൃതിപഥം എന്നു പേരിട്ടു പുതുക്കിപ്പണിത പൊതു ശ്മശാനത്തിലാണ് സംസ്കാരം. "സ്‌മൃതിപഥം" പുതുക്കിപ്പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അവിടേക്കുള്ള ആദ്യ വിലാപയാത്ര എം ടിയുടേതാണ്. 

വാതകം ഉപയോഗിച്ച് ദഹിപ്പിക്കുന്ന മൂന്ന് ചൂളകളും പരമ്പരാഗത രീതിയിൽ ദഹിപ്പിക്കാനുള്ള രണ്ടു ചൂളകളുമാണ് മാവൂർ റോഡ് ശ്മശ്നത്തിൽ പുതുതായി നിർമ്മിച്ചത്. 

കർമ്മങ്ങൾ ചെയ്യാനും ദേഹശുദ്ധി വരുത്താനും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന് സമീപം മനുഷ്യന്റെ ജനനം, ജീവിതം, മരണം എന്നിവ ചിത്രീകരിച്ച ചുമർ ചിത്രങ്ങളും ഉണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ നടന്നത്. 

 ഇന്ന് എംടിയുടെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രമുഖരെത്തി അന്ത്യാഞ്ജലികൾ അർപ്പിച്ചു. വിട പറഞ്ഞത് മലയാള സാഹിത്യ ലോക സാഹിത്യത്തിൽ എത്തിച്ച പ്രതിഭ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചത്. 

എം ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മഹാനായ എഴുത്തുകാരനെയാണ് നഷ്ടപ്പെട്ടതെന്ന് നടും കമൽഹാസൻ അനുശോചിച്ചു. മന്ത്രി എം ബി രാജേഷ്, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, മുൻമന്ത്രി ഇ.ടി മുഹമ്മദ് ബഷീർ, ബംഗാൾ ഗവർണർ ആനന്ദബോസ് തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഇന്ന് വൈകീട്ട് 5 മണിക്ക് ശേഷം കോഴിക്കോട് മാവൂർ പൊതു ശ്മശാനത്തില്‍ ആണ് സംസ്കാരം നടന്നത്.

എംടിയോടുള്ള ആദര സൂചകമായി ഇന്നും നാളെയും സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭാ യോഗം ഉള്‍പ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റി വെച്ചു.

വളരെ പുതിയ വളരെ പഴയ