കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ മാഹി സ്വദേശി സഞ്ചരിച്ച കാര്‍ തടഞ്ഞ് എക്സൈസ് സംഘം; പിടിച്ചത് 79 ഗ്രാം എംഡിഎംഎ

 


കണ്ണൂര്‍: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ 79.267 ഗ്രാം എംഡിഎംഎയുമായി മാഹി സ്വദേശി റിഷാബ് യു കെ (30) എക്‌സൈസിന്‍റെ പിടിയിലായി.

ഇരിട്ടി എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടറുടെ അധിക ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ യേശുദാസൻ പി ടിയും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ രാജീവ്‌ വി ആറും സംഘവും സംയുക്തമായി വാഹന പരിശോധന നടത്തിവരവേയാണ് പ്രതിയെ പിടികൂടിയത്.

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഉമ്മർ കെ, റാഫി കെ വി, പ്രിവന്‍റീവ് ഓഫീസർ സി എം ജെയിംസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുരേഷ് പുല്‍പറമ്പിൽ, ബിജേഷ് എം, ശ്രീനാഥ് പി, സനേഷ് കെ പി, ബാബു ജയേഷ്, സിവില്‍ എക്സൈസ് ഓഫീസർമാരായ വിഷണു എൻ സി, സുബിൻ എം, വനിതാ സിവില്‍ എക്സൈസ് ഓഫീസർ സുചിത, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ജുനീഷ് കെ പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അതേ സമയം, കഴിഞ്ഞ ദിവസവും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തിക്കൊണ്ടു വന്ന 20.829 ഗ്രാം മെത്താഫിറ്റമിനുമായി മൂന്ന് യുവാക്കള്‍ പിടിയിലായിരുന്നു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ്‌ ഷാനിസ് ഫർവാൻ (23), മുഹമ്മദ്‌ ഷാനിദ് എസ് (23), സുനീഷ് കുമാർ കെകെ (43) എന്നിവരാണ് അറസ്റ്റിലായത്. 

കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ‍ഡ് ആന്റി നർക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ ഷാബു സിയും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് കേസ് കണ്ടെത്തിയത്.

വളരെ പുതിയ വളരെ പഴയ