ദുബായില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മകൻ: കരുണയ്ക്കായി കണ്ണീരുമായി മാതാവ്


തലശ്ശേരി: സ്വജീവൻ അപകടത്തില്‍പ്പെടുമെന്ന അവസ്ഥയെ ചെറുക്കുന്നതിനിടെ മാനസിക വിഭ്രാന്തിയുള്ള അറബ് വംശജൻ കൊല്ലപ്പെട്ട സംഭവത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ ജീവനു വേണ്ടി കണ്ണീരൊഴിയാതെ മാതാവ്.

തലശ്ശേരി സ്വദേശിയായ 24കാരന്റെ ജീവൻ സംരക്ഷിക്കാൻ ആരുടെ സഹായമാണ് തേടേണ്ടതെന്നറിയാതെ വിലപിക്കുകയാണ് ഈ മാതാവ്. തലശ്ശേരി നെട്ടൂരിലെ തെക്കെപറമ്പത്ത് അരങ്ങിലോട്ട് ലൈലയാണ് മകൻ മുഹമ്മദ് റിനാഷിന്റെ ജീവനു വേണ്ടി പ്രാർത്ഥിക്കുന്നത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട് ദുബായ് അല്‍ ഐനിലെ അല്‍ബദ്ബ ജയിലിലാണിപ്പോള്‍ മുഹമ്മദ് റിനാഷ്. ആറു വർഷം മുമ്പ് നടന്ന സംഭവത്തില്‍ രണ്ടു മാസം മുമ്പാണ് റിനാഷിനെ വധ ശിക്ഷയ്ക്കു വിധിച്ചത്. ദുബായ് അല്‍ ഐനില്‍ ട്രാവല്‍ ഏജൻസിയില്‍ ജോലിക്കാരനായിരുന്നു റിനാഷ്. 

ഏജൻസി ഉടമയായ അറബി ആവശ്യപ്പെട്ടതനുസരിച്ച്‌ സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന മാനസിക വിഭ്രാന്തിയുള്ള ബന്ധു അക്രമിക്കുകയായിരുന്നു. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ മുറിവേറ്റ റിനാഷ് രക്ഷപ്പെടാൻ മല്‍പ്പിടിത്തം നടത്തുന്നതിനിടയില്‍ അബദ്ധത്തില്‍ കത്തി ശരീരത്തില്‍ കുത്തിക്കയറിയാണ് യു.എ.ഇ പൗരൻ മരിച്ചത്. വിചാരണയ്ക്കൊടുവില്‍ യുവാവിന് കോടതി വധശിക്ഷ വിധിച്ചു.

മൂന്നു മക്കളുള്ള നിർദ്ധനയായ ലൈലയുടെ ഏക ആശ്രയമായിരുന്നു റിനാഷ്. ഇതിനു മുമ്പ്‌ യാതൊരു കുറ്റകൃത്യത്തിലും മകൻ പെട്ടിരുന്നില്ലെന്ന് ലൈല പറയുന്നു. 

വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിക്കിട്ടാൻ ഇന്ത്യൻ എംബസി, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ, ഷാഫി പറമ്പില്‍ എം.പി, മുൻ വിദേശകാര്യ മന്ത്രി വി.മുരളീധരൻ തുടങ്ങിയവർക്കെല്ലാം സങ്കട ഹർജി നല്‍കി കാത്തിരിക്കുകയാണ് ഈ മാതാവ്.

വളരെ പുതിയ വളരെ പഴയ