കണ്ണൂർ: മൂന്നു മാസമായി ശമ്പളം ലഭിക്കാതെ ജില്ലയിലെ 1600 ഓളം വരുന്ന സ്കൂള്‍ പാചകത്തൊഴിലാളികള്‍. മറ്റ് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത ഇവർ കടുത്ത പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത്. വർഷങ്ങളായി വേതന വർദ്ധനവില്ലാതെ ചെയ്യുന്ന ജോലിക്കാണ് കഴിഞ്ഞ മൂന്നു മാസമായി പ്രതിമാസ ശമ്പളം പോലും മുടങ്ങിയിരിക്കുന്നത്.
ചിലയിടങ്ങളില്‍ സ്കൂളില്‍ നിന്നും കൂലി നല്‍കുന്നത് കൊണ്ടു മാത്രമാണ് ഉച്ചഭക്ഷണവിതരണം മുടങ്ങാതിരിക്കുന്നത്.
ദിവസം 600 രൂപയാണ് സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന വേതനം. ഒരു മാസം പരമാവധി 20 പ്രവൃത്തി ദിനങ്ങളാണ് ലഭിക്കുന്നത്. പ്രതിമാസം ലഭിക്കുന്നത് 12000 രൂപ. അവസാനം നല്‍കിയ ശമ്പളത്തില്‍ കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നാരോപിച്ച് ആയിരം രൂപ കുറച്ചാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.
വർഷങ്ങളായി ജോലി ചെയ്താലും ഇ.എസ്.ഐയും പെൻഷനും മറ്റ് ആനുകൂല്യങ്ങളൊന്നും സർക്കാർ നല്‍കുന്നില്ല. മേഖലയില്‍ തുടരുന്നവരില്‍ അധികവും പ്രായമായവരാണ്. മറ്റൊരു വരുമാന മാർഗമില്ലാത്തതിനാല്‍ കഷ്ടപ്പെട്ട് ഈ ജോലിയില്‍ തന്നെ തുടരുകയാണിവർ.
അതി രാവിലെ തുടങ്ങണം, വൈകിട്ടു വരെ തുടരണം. രാവിലെ എട്ടിന് മുമ്പ് പാചകതൊഴിലാളികള്‍ സ്‌കൂളിലെത്തി പണി തുടങ്ങും. വൈകീട്ട് നാലു വരെ ജോലി തുടരും. ചോറിനൊപ്പം രണ്ടു കറിയും തോരനും പച്ചടി, കൂട്ടുകറി തുടങ്ങിയ വിഭവങ്ങളെല്ലാം ഉണ്ടാക്കണം. പാത്രങ്ങള്‍ വൃത്തിയാക്കി അടുക്കള ശുചിയാക്കിയാണ് ദിവസത്തെ ജോലി അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇതെല്ലാം ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥയാണ്.
500 കുട്ടികള്‍ക്ക് ഒരു തൊഴിലാളി നിലവില്‍ 500 കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളി എന്ന നിലയിലാണ് സ്കൂളുകളില്‍ ഇവരുടെ നിയമനം. ഇത്രയും കുട്ടികള്‍ക്ക് ഒരാളെ കൊണ്ട് വച്ച് വിളമ്പാൻ പ്രയാസമാണ്.
പലരും തങ്ങളുടെ കൈയില്‍ നിന്നും പണം മുടക്കി സഹായികളെ വച്ചാണ് പാചകം ചെയ്യുന്നത്. തങ്ങള്‍ക്ക് തന്നെ ശമ്പളം ലഭിക്കാത്ത അവസ്ഥയില്‍ മൂന്നു മാസമായി ഇതിനും ബുദ്ധിമുട്ടുകയാണ്.
150 കുട്ടികള്‍ക്ക് ഒരു പാചകത്തൊഴിലാളി എന്ന ആനുപാതത്തില്‍ ജോലിക്ക് ആളെ വെക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല.