കണ്ണൂർ:ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ സ്‌റ്റേജ് മത്സരങ്ങൾക്ക് അഴീക്കോട് തുടക്കമായി. കലാമത്സരങ്ങൾ രണ്ടു ദിവസം പിന്നിട്ടപ്പോൾ 108 പോയിന്റോടെ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്താണ് മുന്നിൽ. 98 പോയിന്റോടെ കണ്ണൂർ കോർപ്പറേഷനും 86 പോയിന്റോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
അഴീക്കോട് എച്ച്എസ്എസ് (ഭാവം), അക്ലിയത്ത് എൽപി സ്‌കൂൾ, അഴീക്കോട് (രാഗം), അഴീക്കോട് ബാങ്ക് ഹാൾ (താളം), അഴീക്കോട് പഞ്ചായത്ത് സ്‌റ്റേഡിയം (താളം) എന്നീ നാല് വേദികളാണ് ജില്ലയിലെ യുവാക്കളുടെ കലാപ്രകടനത്തിലൂടെ ഉണർന്നത്. സംസ്ഥാന തലത്തിലേതിന് പുറമെ ദേശീയതലത്തിലേക്കുള്ള മത്സരാർഥികളെയും ഇതിലൂടെയാണ് തെരഞ്ഞെടുക്കുന്നത്.
മാപ്പിളപ്പാട്ട്, കോൽക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, ഒപ്പന, മൈം, ഏകാങ്ക നാടകം, ഓട്ടൻതുള്ളൽ, മണിപ്പൂരി, കഥക്, ഒഡീസി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരള നടനം, ഹിന്ദുസ്ഥാനി വായ്പാട്ട്, കർണാടക സംഗീതം, ലളിതഗാനം, മോണോ ആക്ട്, മിമിക്രി, കഥാപ്രസംഗം എന്നിവയാണ് ശനിയാഴ്ച അരങ്ങേറിയത്.
ജില്ലാ കേരളോത്സവം കലാമത്സരങ്ങൾ ഡിസംബർ 29 ഞായറാഴ്ച സമാപിക്കും. ഞായറാഴ്ചയിലെ പരിപാടികൾ: വേദി ഒന്ന് അഴീക്കോട് എച്ച്എസ്എസ്: രാവിലെ 9.30 മുതൽ നാടോടി നൃത്തം (സിംഗിൾ)-സംസ്ഥാനതലം, ദേശീയതലം, നാടോടിനൃത്തം (ഗ്രൂപ്പ്)-ദേശീയതലം, സംഘനൃത്തം, തിരുവാതിര, മാർഗംകളി (എല്ലാം സംസ്ഥാനതലം).
വേദി രണ്ട്-അക്ലിയത്ത് എൽപി സ്‌കൂൾ, അഴീക്കോട്: രാവിലെ 9.30 മുതൽ നാടോടിപ്പാട്ട് (സിംഗിൾ) -സംസ്ഥാനതലം, ദേശീയതലം, നാടോടിപ്പാട്ട് (ഗ്രൂപ്പ്) ദേശീയതലം, സംഘഗാനം, ദേശഭക്തിഗാനം, വള്ളംകളിപ്പാട്ട് കുട്ടനാടൻ, വള്ളംകളിപ്പാട്ട് ആറൻമുള-എല്ലാം സംസ്ഥാനതലം.
വേദി മൂന്ന് അഴീക്കോട് ബാങ്ക് ഹാൾ: രാവിലെ 9.30 മുതൽ ഫ്‌ളൂട്ട്, വീണ, തബല, മൃദംഗം, ഹാർമോണിയം ലൈറ്റ്, ഗിറ്റാർ-എല്ലാം ദേശീയതലം, വയലിൻ ഈസ്‌റ്റേൺ, വയലിൻ വെസ്‌റ്റേൺ-സംസ്ഥാനതലം.
വേദി നാല് പഞ്ചായത്ത് സ്‌റ്റേഡിയം: രാവിലെ 9.30 മുതൽ കവിതാലാപനം മലയാളം, പ്രസംഗം മലയാളം, ചെണ്ട, ചെണ്ടമേളം-എല്ലാം സംസ്ഥാനതലം.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് ദേശീയ ദുഃഖാചരണം നടക്കുന്നതിൽ ഔപചാരികമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയിരുന്നു.
കെ വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേരളോത്സവം പുരോഗമിക്കുന്നത്.