തിരുവനന്തപുരം: പ്രഭാത സവാരിക്ക് ഇറങ്ങുന്നവര്‍ക്കും രാത്രികാലങ്ങളില്‍ കാല്‍നടയാത്ര നടത്തുന്നവര്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. പരിമിതമായ ഫുട്പാത്തുകളും, താരതമ്യേനെ വെളിച്ചം കുറഞ്ഞ നിരത്തുകിലൂടെയുള്ള കാല്‍നട യാത്ര അപകടം നിറഞ്ഞതാണെന്നും എംവിഡി മുന്നറിയിപ്പില്‍ പറയുന്നു.
ഇരുണ്ട വസ്ത്രം ധരിച്ചവരെ കറുത്ത റോഡുകളില്‍ മുന്‍കൂട്ടി കാണുന്നത് ബുദ്ധിമുട്ടാണ്. മഴ, മൂടല്‍മഞ്ഞ്, ഡ്രൈവറുടെ പ്രായം, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകട സാദ്ധ്യത പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് കുറിപ്പില്‍ പറയുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
പരിമിതമായ ഫുട്പാത്തുകളും, താരതമ്യേനെ വെളിച്ചം കുറഞ്ഞ നമ്മുടെ നിരത്തുകളും, ഒരു കാല്‍നടക്കാരനെ സംബന്ധിച്ചിടത്തോളം അപകടം നിറഞ്ഞ ഒന്നാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം നിരത്തില്‍ കൊല്ലപ്പെടുന്ന ഒന്നര ലക്ഷത്തിന് മുകളില്‍ ആളുകളില്‍ ഇരുചക്ര യാത്രികര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം കാല്‍നട യാത്രികരാണ് എന്നത് തന്നെ ഈ അപകട സാധ്യതയെ സൂചിപ്പിക്കുന്ന ഒന്നാണ്.
രാത്രിയില്‍ കാല്‍നടയാത്രക്കാരെ പ്രത്യേകിച്ച് ഇരുണ്ട വസ്ത്രം ധരിച്ചവരെ കറുത്ത റോഡുകളില്‍ മുന്‍കൂട്ടി കാണുന്നത് താരതമ്യേന ദുഷ്‌കരമായ ഒന്നാണ്.
മഴ, മൂടല്‍മഞ്ഞ്, ഡ്രൈവറുടെ പ്രായം, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകട സാദ്ധ്യത പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. വിജനമായ റോഡിലും മറ്റും കാല്‍നടയാത്രക്കാരെ ഡ്രൈവര്‍മാര്‍ പ്രതീക്ഷിക്കില്ല എന്നതും പ്രശ്‌നമാണ്.
റോഡില്‍ കൂടി നടക്കുന്നയാളുടെ ചിന്ത നേരെ മറിച്ചാണ് ഈ ലോകം മുഴുവന്‍തന്നെ കാണുന്നുണ്ട് എന്ന് ചിന്തിച്ചായിരിക്കും അയാളുടെ സഞ്ചാരം.
*പ്രഭാത സഞ്ചാരത്തിന് ഇറങ്ങുന്നവരും രാത്രികാലങ്ങളില്‍ റോഡില്‍കൂടി നടക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍....*
• പ്രഭാത നടത്തും കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം.
• കഴിയുന്നതും വാഹനങ്ങളില്ലാത്ത മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക അല്ലെങ്കില്‍ വെളിച്ചമുള്ളതും, ഫുട്പാത്തുകള്‍ ഉള്ളതുമായ റോഡുകള്‍ മാത്രം തിരഞ്ഞെടുക്കാം ...
• തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ള റോഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക..
• ഫുട്പാത്ത് ഇല്ലെങ്കില്‍ നിര്‍ബന്ധമായും അരികില്‍ കൂടി വരുന്ന വാഹനങള്‍ കാണാവുന്ന രീതിയില്‍ റോഡിന്റെ വലത് വശം കൂടി നടക്കുക.
• വെളുത്തതോ ഇളം കളറുള്ളതോ ആയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണം, കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം.
• റിഫ്‌ളക്ടീവ് ജാക്കറ്റുകളൊ വസ്ത്രങ്ങളൊ ഉപയോഗിക്കുക.
• ഫോണ്‍ ഉപയോഗിച്ചു കൊണ്ടും ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം.
• കുട്ടികള്‍ക്ക് അധിക ശ്രദ്ധ നല്‍കണം
• വര്‍ത്തമാനം പറഞ്ഞും, കുട്ടം കൂടിയും നടക്കുന്നത് ഒഴിവാക്കണം.
• മൂടല്‍ മഞ്ഞ്, മഴ എന്നീ സന്ദര്‍ഭങ്ങളും കുട പിടിച്ച് നടക്കുന്നതും ഒഴിവാക്കാം