കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാർ. മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് തങ്ങൾ വീഡിയോ തയ്യാറാക്കിയതെന്നാണ് വീഡിയോ ഒരുക്കിയവർ പറയുന്നത്.
പരീക്ഷയുടെ തൊട്ടുമുൻപത്തെ ദിവസം രാത്രി 7 മണിയോടെ മറ്റുള്ളവർ വീഡിയോ തയ്യാറാക്കിയിരുന്നു. അവയെല്ലാം നോക്കി രാത്രി 12 മണിക്ക് ശേഷമാണ് എംഎസ് സൊല്യൂഷൻ വീഡിയോ തയ്യാറാക്കിയത്. അതാണ് കൂടുതൽ ചോദ്യങ്ങൾ ഉൾപെടാൻ കാരണം എന്നാണ് വിശദീകരണം. മറ്റു ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വന്നതിലും ഇരട്ടി ശരിയായ ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷന്റെ വീഡിയോയിൽ ഉണ്ടായിരുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും മറ്റു ഓൺലൈൻ പ്ലാറ്റഫോമുകളെ കുറിച്ചും അന്വേഷണം നടത്തണമെന്നും ആരോപണം ഉയർന്ന പത്താം തരം ഇംഗ്ലീഷ് വീഡിയോ തയ്യാറാക്കിയ അധ്യാപകൻ പറഞ്ഞു.
വൻ വിവാദങ്ങൾക്കൊടുവിലാണ് ചോർച്ചയിലെ ദ്വിദതല അന്വേഷണം പ്രഖ്യാപിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വിദ്യാഭ്യാസവകുപ്പിൻ്റെ ആറംഗസമിതിയുടെയും അന്വേഷണവുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. മുഖ്യമന്ത്രിയുമായി ചോർച്ചയെകുറിച്ച് വിദ്യാഭ്യാസമന്ത്രി ചർച്ച നടത്തി.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയാണ് വകുപ്പ് ചുമതലപ്പെടുത്തിയത്. വിരമിച്ച അധ്യാപകർക്ക് എംഎസ് സൊല്യൂഷൻസുമായി ബന്ധമുണ്ടെന്ന് ഡിജിഇ അറിയിച്ചു. സർവ്വീസിലുള്ള അധ്യാപകരും ഇത്തരം സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ടോ എന്നും സംശയമുണ്ട്. സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങളുമായി സഹകരിക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടിക്കാണ് സർക്കാർ തീരുമാനം.
അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഗൗരവത്തോടെയല്ല കൈകാര്യം ചെയ്യുന്നത്. ചോർച്ചയുടെ പശ്ചാത്തലത്തിൽ അർദ്ധവാർഷിക പരീക്ഷാ നടത്തിപ്പ് കൂടുതൽ കർക്കശമാക്കും. പുതിയ വീഡീയോകൾ തൽക്കാലം ചെയ്യില്ലെന്നാണ് എംഎസ് സൊല്യൂഷൻസ് വ്യക്തമാക്കിയത്. മൂന്ന് ദിവസമായി കൊടുവള്ളിയിലെ സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. സ്ഥാപനത്തിൻ്റെ സിഇഒയെയും ചോദ്യുപേപ്പർ തയ്യാറാക്കിയ അധ്യാപകരെയെമെല്ലാം അന്വേഷണ സംഘം ചോദ്യം ചെയ്യും.