വളപട്ടണം കവർച്ചാക്കേസ്; പ്രതി ലിജേഷിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

 


വളപട്ടണം കവർച്ചാക്കേസ് പ്രതി ലിജേഷിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ നവംബറിലാണ് ലിജേഷ് അയൽവാസിയായ അഷ്റഫിന്റെ ആളില്ലാത്ത വീട്ടിൽ കയറി ഒരു കോടിയിലധികം രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ചത്. പ്രതിയെ അഷ്റഫിന്റെ വീട്ടിലും, മോഷണ മുതൽ സൂക്ഷിച്ച സ്വന്തം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. 12 ദിവസത്തെ റിമാന്റിന് ശേഷമാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്റ്റ്റേറ്റ് കോടതി ലിജേഷിനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. നവംബർ 20ന് രാത്രി നടന്ന നാടിനെ നടുക്കിയ മോഷണത്തിൽ ഒരു രാത്രി കൊണ്ട് മന്നയിലെ അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് 1.21 കോടി രൂപയും 267 പവനുമാണ് കവർന്നത്.രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് അഷ്റഫിന്റെ അയൽവാസി തന്നെയായി ലിജേഷ് പിടിയിലായത്.


കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ ലിജേഷിനെ അഷ്റഫിന്റെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു. മതിലു ചാടിയ വിധം, ജനൽക്കമ്പി ഇളക്കി അകത്തു കയറിയത് തുടങ്ങി മോഷണത്തിന്റെ ഘട്ടങ്ങൾ വിശദമായി പോലീസ് അന്വേഷിച്ചറിഞ്ഞു. മോഷണ ശേഷം മെയിൻ റോഡിലൂടെയായിരുന്നില്ല ലിജേഷ് സ്വന്തം വീട്ടിലേക്കെത്തിയത്. അഷ്റഫിന്റെയും ലിജേഷിന്റെയും വീടിനിടയിലെ കെട്ടിടത്തിന് പിന്നിലെ ഇടവഴിയാണ് അതിനായി തെരഞ്ഞടുത്തത്. മോഷണമുതൽ ഒളിപ്പിച്ച പ്രതിയുടെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. വെൽഡിംങ് തൊഴിലാളിയായിരുന്ന ലിജേഷിന് പണം സൂക്ഷിക്കാൻ അറയുണ്ടാക്കൽ എളുപ്പമായിരുന്നു. അഷ്റഫും കുടുംബവും സുഹൃത്തിന്റെ കല്യാണത്തിന് പോയത് മുൻകൂട്ടി മനസിലാക്കിയായിരുന്നു ലിജേഷിന്റെ ആസൂത്രിത മോഷണം. ഒരു വർഷം മുൻപ് ഇയാൾ നടത്തിയ കീച്ചേരിയിലെ മറ്റൊരു മോഷണവും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. പ്രതിയെ ഇന്ന് വൈകുന്നേരം തിരികെ കോടതിയിൽ ഹാജരാക്കും.

വളരെ പുതിയ വളരെ പഴയ