പറശ്ശിനിക്കടവിൽ തിരുവപ്പന ഉത്സവം ഇന്ന് തുടങ്ങും


 പറശ്ശിനിക്കടവ്: മുത്തപ്പൻ മടപ്പുരയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറും.

രാവിലെ 9.45-ന് മടപ്പുര മടയൻ പി എം സതീശന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റത്തിന് മുഖ്യ കാർമികത്വം വഹിക്കും.

ഉച്ചയ്ക്ക് ശേഷം മൂന്നിന് മലയിറക്കൽ ചടങ്ങിന് ശേഷം കാഴ്ചവരവ് മടപ്പുരയിൽ പ്രവേശിക്കും.

തയ്യിൽ കുടുംബക്കാരുടെ കാഴ്ചവരവാണ് ആദ്യം പ്രവേശിക്കുക. തുടർന്ന് കോഴിക്കോട് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനഞ്ചോളം ഭജനസംഘങ്ങളുടെ വർണശബളമായ കാഴ്ചവരവ് മടപ്പുരയിലേക്ക് പ്രവേശിക്കും.

സന്ധ്യയോടെ മുത്തപ്പൻ വെള്ളാട്ടം തുടങ്ങും. വെള്ളാട്ടത്തിന് ശേഷം അന്തിവേല. തുടർന്ന് കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിന് പുറപ്പെടും. ശേഷം പഞ്ചവാദ്യ സംഘത്തോട് കൂടി കലശം എഴുന്നള്ളിച്ച് മടപ്പുരയിൽ പ്രവേശിക്കും.

മൂന്നിന് പുലർച്ചെ 5.30-ന് തിരുവപ്പനയുടെ പുറപ്പാട്. 11-ന് ഭജന സംഘങ്ങളെ തിരിച്ചയക്കൽ ചടങ്ങ് തുടങ്ങും. ഡിസംബർ ആറിന് കലശാട്ടത്തോടെ ഉത്സവം കൊടിയിറങ്ങും.

തുടർന്നുള്ള ദിവസങ്ങളിൽ തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കും. അഞ്ച്, ആറ് തീയതികളിൽ പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളി യോഗത്തിന്റെ കഥകളിയുണ്ടാകും.

ഏഴിന് രാത്രി 10-ന് രാമചന്ദ്ര പുലവറും ടീമും തോൽപ്പാവക്കൂത്ത് അവതരിപ്പിക്കും.

വളരെ പുതിയ വളരെ പഴയ