ഫെയ്‌ൻജൽ ചുഴലിക്കാറ്റിനെ തുടർന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തീവ്രമായി പെയ്‌ത മഴ ചൊവ്വകൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ന്യൂനമർദമായി മാറിയ ഫെയ്‌ൻജൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിന് മുകളിൽ സ്ഥിതിചെയ്യുകയാണ്. ചൊവ്വയോടെ വടക്കൻ കേരളത്തിനും കർണാടകയ്‌ക്കും മുകളിലൂടെ അറബിക്കടലിൽ എത്തിച്ചേരാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ ചൊവ്വകൂടി അതിശക്തമഴ തുടരും.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു ജില്ലയിൽ ദുരിതാശ്വാസ കൃാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലയിലെ സ്കൂളുകൾക്കാണ് ഇന്ന് സമ്പൂർണ അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ ജനങ്ങൾ ജാഗ്രത തുടരണം. നാല് എൻഡിആർഎഫ് ടീമുകൾ സംസ്ഥാനത്ത് സജ്ജമാണ്. ഇതിൽ രണ്ടു ടീമിനെ ശബരിമലയിൽ വിന്യസിച്ചു. ഞായർ രാത്രി പത്തനംതിട്ട, കോട്ടയം ജില്ലകളിൽ തീവ്ര മഴയായിരുന്നു. ചെറുകുളഞ്ഞിയിൽ 248ഉം, വയലയിൽ 233ഉം, അത്തിക്കയത്തിൽ 231ഉം, പാമ്പാടിയിൽ 230ഉം മില്ലിമീറ്റർ. മഴ രേഖപ്പെടുത്തി.
ന്യൂനമർദം അറബിക്കടലിലേക്ക് നീങ്ങിയാലും കടലിൽ തന്നെ കേന്ദ്രീകരിക്കാനാണ് സാധ്യത. കേരള തീരത്ത് മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും മീൻപിടിക്കാൻ പോകരുത്.
പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീർഥാടകർ പുല്ലുമേട് പാതയിൽ കുടുങ്ങി കനത്തമഴയെ തുടർന്ന് പുല്ലുമേട് പാതയിൽ 12 ശബരിമല തീർഥാടകർ കുടുങ്ങി. കാൽവഴുതി വീണ് രണ്ട് തീർഥാടകർക്ക് പരിക്കേറ്റു. വനംവകുപ്പിന്റെയും അഗ്നിരക്ഷാസേനയുടെയും ദുരന്തനിവാരണസേനയുടെയും സംയുക്ത സംഘം സ്ഥലത്തെത്തി ഇവരെ സന്നിധാനം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാനന പാതകൾ അടച്ചു കാലാവസ്ഥ അനുകൂലമാകുന്നതുവരെ കാനന പാതകളിലൂടെയുള്ള ശബരിമല തീർഥാടകരുടെ യാത്ര നിരോധിച്ചു
