കണ്ണൂര്‍: പന്നിക്കൂട്ടങ്ങള്‍ പെരുംപറമ്പ് മേഖലയില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് തുടര്‍ക്കഥയായതോടെ പായം പഞ്ചായത്തിന്റെ നിര്‍ദ്ദേശ പ്രകാരം അംഗീകൃത തോക്ക് ലൈസന്‍സ് ഉള്ളവര്‍ കഴിഞ്ഞ രാത്രിയില്‍ മണിക്കൂറുകളോളം കൃഷിയിടത്തില്‍ തോക്കുമായി നിന്നെങ്കിലും പന്നിക്കൂട്ടം എത്തിയില്ല.
എന്നാല്‍ തോക്കുമായി കത്തിരുന്ന സംഘം പോയതിന് പിന്നാലെ കൃഷിയിടത്തില്‍ എത്തിയ പന്നിക്കൂട്ടം വ്യാപക നാശം വരുത്തി. കഴിഞ്ഞ ദിവസം വാഴ കര്‍ഷകന്‍ ജോണിയോയാക്കിന്റെ കൃഷിയിടത്തില്‍ നിന്നും 200 ഓളം വാഴകള്‍ നശിപ്പിച്ച പന്നികള്‍ വീണ്ടും വാഴയും കപ്പയും നശിപ്പിച്ചു.
വേലികെട്ടി സംരക്ഷിച്ച സമീപത്തെ പറമ്പിലെ വാഴയും പയറുമെല്ലാം പന്നിക്കൂട്ടം നശിപ്പിച്ചു. മാറോളി വത്സന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്തെ വാഴയാണ് വ്യാപകമായി നശിപ്പിച്ചത്. തൊട്ടടുത്ത ദിവസം രാത്രി സമീപത്തെ മാതോളി ശ്രീനിവാസന്റെയും പ്രമോദ് കുമാറിന്റെ കൃഷിയിടത്തില്‍ നിന്നും കപ്പ, ചേമ്പ്, കൂവ്വ, കാച്ചില്‍ എന്നിവയും വാഴയും നശിപ്പിച്ചിരുന്നു.
വനം വകുപ്പ് അധികൃതര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തുകയും ഉപദ്രപകാരികളായ പന്നികളെ വെടി വെച്ചു കൊല്ലാന്‍ പഞ്ചായത്തിന്റെ സഹായം തേടാനും പ്രദേശ വാസികളോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം അംഗീകൃത തോക്ക് ലൈസന്‍സ് ഉള്ളവരെ കൃഷിയിടത്തിലേക്ക് വിട്ടത്. വെടി വെക്കാനായി ഇവര്‍ മണിക്കൂറുകളോളം കൃഷിയിടത്തില്‍ കാത്തു നിന്നെങ്കിലും ഇവര്‍ പോയതിന് പിന്നാലെയാണ് പന്നിക്കൂട്ടം എത്തി കൃഷി നശിപ്പിച്ചത്. പായം പഞ്ചായത്തിലെ ഉദയഗിരിയിലും കാട്ടുപന്നികള്‍ നൂറോളം വാഴകള്‍ നശിപ്പിച്ചു. മണക്കാട്ട് ചിറ വിശ്വംഭരന്‍, ഞാലിമാക്കല്‍ സജി എന്നിവരുടെ വാഴകളാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്.
പറമ്പ് മുഴുവന്‍ കിളച്ചിട്ട നിലയിലാണ്. പഞ്ചായത്തംഗം ബിജു കോങ്ങാടന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥലം സന്ദര്‍ശിച്ചു. കാട്ടുപന്നി ശല്യം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം പറഞ്ഞു. മലയോര മേഖലയില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം കാട്ടുപന്നി ശല്യം രൂക്ഷമായി.
നേരത്തെ ആഴ്‌ച്ചകളിലോ മാസങ്ങളിലോ ഒന്നോ രണ്ടൊ തവണകളിലെങ്കിലും ഉണ്ടാകുമായിരുന്ന ശല്യം ഇപ്പോള്‍ നിത്യമായിരിക്കുകയാണ്. മലയോര ജനതയുടെ പ്രധാന ഭക്ഷ്യ വിളകളില്‍പ്പെടുന്ന കപ്പയും, ചേനയും കാച്ചിലും, ചേമ്പും മറ്റുമാണ് ഇവ തിന്നു നശിപ്പിക്കുന്നത്. സ്വന്തം ആവശ്യത്തിന് പോലും അടുക്കളപ്പുറത്തു ഒരു കൃഷിയും ചെയ്യാന്‍ പറ്റാത്ത അവസ്‌ഥയാണ് മേഖലയില്‍ സംജാതമായിരിക്കുന്നത്.
