പരിയാരം ഔട്ട്; ഇനി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് പി.ഒ

 


പരിയാരം :  പരിയാരെത്ത കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് കാമ്പസില്‍ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസ് ഇനി മുതല്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് പോസ്റ്റ് ഓഫിസ് എന്ന പേരിലേക്ക് മാറും. നേരത്തെ പരിയാരം മെഡിക്കല്‍ കോളജ് പോസ്റ്റ് ഓഫിസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുനർനാമകരണം ചെയ്തുള്ള ഉത്തരവ് കേരള പോസ്റ്റ് മാസ്റ്റർ ജനറല്‍ പുറത്തിറക്കി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കടന്നപ്പള്ളി വില്ലേജില്‍ പ്രവർത്തിക്കുന്ന മെഡിക്കല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളും പരിയാരത്തിന്റെ പേരില്‍ അറിയപ്പെടുന്നത് ജനങ്ങളില്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍ സംബന്ധിച്ച്‌ റിട്ട. അക്കൗണ്ടന്റ് ജനറല്‍ വകുപ്പ് ഉദ്യോഗസ്ഥനായ കടന്നപ്പള്ളിയിലെ പി.പി. ചന്തുക്കുട്ടി നമ്പ്യാർ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. വിഷയം നിവേദന രൂപത്തില്‍ പോസ്റ്റല്‍ വകുപ്പിന്റെകൂടി ശ്രദ്ധയില്‍പെട്ടതോടെയാണ് പേര് മാറ്റിയത്. 

പേര് മാറ്റുന്നത് സംബന്ധിച്ച്‌ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് പ്രിൻസിപ്പലില്‍ നിന്ന് റിപ്പോർട്ട് തേടുകയും പരാതിക്കാരൻ ഉന്നയിച്ച വിഷയങ്ങള്‍ ശരിയാണെന്ന് പ്രിൻസിപ്പല്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെയും ആവശ്യം ഉന്നയിച്ചു.

മെഡിക്കല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളും കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍പെട്ട കടന്നപ്പള്ളി വില്ലേജിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്ന് കടന്നപ്പള്ളി വില്ലേജ് ഓഫിസറും രേഖാമൂലം അറിയിച്ചിരുന്നു. കോളജിലെ ജീവനക്കാരുടെ തൊഴില്‍ നികുതി, കെട്ടിടങ്ങളുടെ നികുതി എന്നിവ ഒടുക്കുന്നതും കോളജുമായി ബന്ധപ്പെട്ട ജനന-മരണങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതും സർട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതും കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്താണ്. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ നിലവിലുള്ള വിലാസം പരിയാരം മെഡിക്കല്‍ കോളജ് പി.ഒ -670503 എന്നാണ്. കടന്നപ്പള്ളി എന്ന ശരിയായ സ്ഥലപ്പേരിലല്ല പോസ്റ്റോഫിസ് നാമകരണം ചെയ്തിരുന്നത്. ഇതോടെ പരിയാരം എന്ന സ്ഥലപ്പേര് കടുത്ത ആശയക്കുഴപ്പത്തിനു കാരണമായി.

വളരെ പുതിയ വളരെ പഴയ