Zygo-Ad

ലൈസൻസ് പുതുക്കല്‍: ഉത്തരവില്‍ 200 രൂപ; ഈടാക്കുന്നത് 400


തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസ് പുതുക്കലിന് ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ 200 രൂപയെങ്കിലും ഈടാക്കുന്നത് 400 രൂപ.

ലൈസൻസ് കാർഡ് പ്രിന്‍റ് ചെയ്യുന്നത് അവസാനിപ്പിച്ചെങ്കിലും സർവിസ് ഫീസായി 200 രൂപ തുടരുന്നതാണ് നിരക്ക് വർധിക്കാൻ കാരണം. നവംബർ ഒന്നു മുതല്‍ ലൈസൻസ് കാർഡ് ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതിയെന്ന് വ്യവസ്ഥ ചെയ്ത് ഗതാഗത വകുപ്പ് തയാറാക്കിയ ഉത്തരവിലാണ് പുതുക്കലിന് 200 രൂപയെന്ന് കൃത്യമായി പറയുന്നത്.

നവംബർ ആറിനാണ് ഈ ഉത്തരവിറങ്ങിയത്. എന്നാല്‍ നവംബർ 18 ന് ലൈസൻസ് പുതുക്കാൻ പോർട്ടല്‍ വഴി അപേക്ഷിച്ചവരില്‍ നിന്നും സർവീസ് ചാർജടക്കം 400 രൂപയാണ് ഈടാക്കിയത്. ഉത്തരവിലാകട്ടെ പുതുക്കല്‍ ഫീസല്ലാതെ സർവീസ് ചാർജിനെ കുറിച്ച്‌ ഒന്നും പറയുന്നില്ല. 

ഫലത്തില്‍ സർവീസ് ചാർജ് നിജപ്പെടുത്താതെയും പരാമർശിക്കാതെയും എത്രയും തുക ഈടാക്കാനുള്ള പഴുത് ശേഷിപ്പിക്കുകയായിരുന്നു. ഉത്തരവ് ഇറങ്ങിയതേയുള്ളൂവെന്നും ഇത് എൻ.ഐ.സിക്ക് കൈമാറിയശേഷം അവരാണ് പോർട്ടലില്‍ മാറ്റം വരുത്തേണ്ടതെന്നുമുള്ള വിചിത്ര വാദമാണ് മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുവെക്കുന്നത്.

അധികം ഫീസ് ഈടാക്കുന്നത് എന്ന് അവസാനിക്കും എന്നതിന് കൃത്യമായ മറുപടിയില്ല. ഒപ്പം, ഇക്കാലയളവില്‍ അധികമായി വാങ്ങുന്ന സർവീസ് ചാർജ് മടക്കി നല്‍കുമോ എന്നതും വ്യക്തമല്ല. ഡ്രൈവിങ് ലൈസൻസ് അച്ചടി അവസാനിപ്പിച്ച്‌ ഡിജിറ്റല്‍ കാർഡിലേക്ക് മാറിയെങ്കിലും സർവീസ് ചാർജിനത്തില്‍ കിട്ടിയിരുന്ന വരുമാനം നഷ്ടപ്പെടാതിരിക്കാനാണ് ഈ കുറുക്കുവഴി നീക്കമെന്നാണ് വിമർശനം. 

ലൈസൻസ് പുതുക്കുന്നതിന് മുമ്പ് 60 രൂപയായിരുന്നു സർവീസ് ചാർജ്. എന്നാല്‍ നവംബർ ഒന്ന് മുതല്‍ പ്രിൻറിങ് ചാർജും തപാല്‍ ചാർജും ഒഴിവാക്കിയെങ്കിലും സർവീസ് ചാർജ് ഒറ്റയടിക്ക് 60ല്‍നിന്ന് 200 രൂപയാക്കി ഉയർത്തുകയായിരുന്നു. കാർഡിന്‍റെ പേരില്‍ 200 രൂപയാണ് നേരത്തെ ഈടാക്കിയിരുന്നത്. ഇതില്‍ 60 രൂപ അച്ചടിക്കുന്ന പ്രിന്‍റിങ് ഏജൻസിക്കും 140 രൂപ സർക്കാറിനുമായിരുന്നു കിട്ടിയിരുന്നത്. 

അച്ചടി നിർത്തിയെങ്കിലും സർക്കാറിന് ഈ വഴി ലഭിച്ചിരുന്ന 140 രൂപ സർവീസ് ചാർജില്‍ ഉള്‍പ്പെടുത്തിയതാണ് നിരക്ക് കൂടാൻ കാരണം. ഫലത്തില്‍ മോട്ടോർ വാഹന വകുപ്പിന് ഒരു രൂപയുടെ അധിക ചെലവ് പോലുമില്ലാത്ത നടപടിക്കാണ് ഒറ്റയടിക്ക് 140 രൂപ വർധിപ്പിച്ചത്.

വളരെ പുതിയ വളരെ പഴയ