Zygo-Ad

വിവാഹം ആര്‍ഭാടമായാല്‍ ആഡംബര നികുതിക്ക് ശുപാര്‍ശ; സ്ത്രീധനം വാങ്ങിയാല്‍ സര്‍ക്കാര്‍ ജോലി കിട്ടില്ല

 


തിരുവനന്തപുരം:  ആർഭാട വിവാഹങ്ങള്‍ക്ക് ആഡംബര നികുതി ഏർപ്പെടുത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്റെ ശുപാർശ. വധുവിനു നല്‍കുന്ന പാരിതോഷികങ്ങള്‍ വരുമാനത്തിന്റെ നിശ്ചിത ശതമാനമായിരിക്കണം.

നിശ്ചിത പരിധി കഴിഞ്ഞാല്‍ നികുതിയേർപ്പെടുത്തണമെന്ന് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധന നിരോധന നിയമം കടുപ്പിക്കണമെന്നാവശ്യപ്പെടുന്നതാണ് കമ്മീഷന്റെ പഠന റിപ്പോർട്ട്.

സ്ത്രീധന മരണങ്ങളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷന്മാർക്ക് കേസില്‍ അന്തിമ തീരുമാനം വരെ പുനർ വിവാഹം അനുവദിക്കരുതെന്നാണ് മറ്റൊരാവശ്യം. പി.എസ്.സി. അപേക്ഷകളില്‍ സ്ത്രീധന നിരോധന നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന് രേഖപ്പെടുത്താൻ കോളവും വേണം. കേസുകളുടെ വിചാരണയും വിധിയും വൈകുന്നതിന്റെ കാരണം ഉള്‍പ്പെടെയുള്ള റിപ്പോർട്ടു നല്‍കാൻ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെടാം. സ്ത്രീധന മരണ കുറ്റങ്ങള്‍ക്ക് കഠിന ശിക്ഷ ഉറപ്പാക്കാൻ നിയമ ഭേദഗതിക്കും കമ്മിഷൻ ശുപാർശ ചെയ്തു.

മറ്റ് ശുപാർശകള്‍


• സർക്കാർ ജോലിയില്‍ പ്രവേശിക്കുന്ന പുരുഷന്മാർ സ്ത്രീധനം വാങ്ങില്ലെന്നും പെണ്‍കുട്ടികള്‍ സ്ത്രീധനം കൊടുക്കില്ലെന്നും വകുപ്പു മേധാവിക്ക് സത്യവാങ്മൂലം നല്‍കണം

• ഹൈസ്കൂള്‍ പാഠ്യ പദ്ധതിയില്‍ സ്ത്രീധന നിരോധന നിയമവും അനുബന്ധ ചട്ടങ്ങളും ഉള്‍പ്പെടുത്തണം

• സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണെന്ന ബോർഡ് ആഭരണ ശാലകളുടെ പരസ്യത്തില്‍ നിർബന്ധമാക്കണം. സിനിമാ തിയേറ്ററുകള്‍, പൊതു ഗതാഗത സംവിധാനം എന്നിവിടങ്ങളിലും ബോധവത്കരണം

• വിവാഹ സമയത്ത് നല്‍കുന്ന സ്ത്രീധനം വധുവിന്റെയോ അനന്തരാവകാശികളുടെയോ ക്ഷേമത്തിന് എന്ന വ്യവസ്ഥയില്‍ നിന്ന് 'സ്ത്രീധനം' എന്ന വാക്ക് ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം

 • തദ്ദേശ സ്ഥാപനങ്ങളില്‍ വനിത-ശിശു വികസന വകുപ്പ്, പോലീസ്, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തില്‍ സ്ത്രീധന വിരുദ്ധ സെല്‍.  

• അതി ജീവിതകള്‍ക്ക് സൗജന്യ താമസത്തിന് ഷോർട്ട് സ്റ്റേഹോം, ഷീ ലോഡ്ജ്

• ഗാർഹിക പീഡനവും സ്ത്രീധന മരണവും കൈകാര്യം ചെയ്യാൻ പോലീസിന് പരിശീലനം

• സമൂഹ വിവാഹം പ്രോത്സാഹിപ്പിക്കണം

• അതി ജീവിതകളുടെ കുട്ടികളുടെ സംരക്ഷണവും പരിചരണവും നിരീക്ഷിക്കണം

• കൂടുതല്‍ കുടുംബ-ഫാസ്റ്റ്ട്രാക്ക് കോടതികള്‍, സംസ്ഥാന-ജില്ലാ തലങ്ങളില്‍ സ്ത്രീധന മരണങ്ങളുടെ ഡേറ്റാ ബാങ്ക്, സ്കൂളുകളില്‍ ബോധവത്കരണം, സ്വയം പ്രതിരോധ പരിശീലനം

• തൊഴില്‍ സാധ്യത ഉറപ്പാക്കി വിവാഹ ശേഷവും തുടരാൻ സൗകര്യമൊരുക്കുക.

വളരെ പുതിയ വളരെ പഴയ