റേഷൻ വിതരണം സ്തംഭനത്തിലേക്ക്; അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷൻ കടകളില്‍ കുറവ്

 


തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം സ്തംഭനത്തിലേക്ക്. ഈ മാസം വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷൻ കടകളില്‍ ഇല്ല.

വാതില്‍പ്പടി വിതരണക്കാർക്കും റേഷൻ വ്യാപാരികള്‍ക്കും മാസങ്ങളായി തുക കുടിശ്ശികയാണ്. നാലുമാസത്തെ തുക ലഭിക്കാതെ സാധനങ്ങള്‍ എത്തിക്കില്ലെന്ന നിലപാടിലാണ് വാതില്‍പടി വിതരണക്കാർ.

ഈ മാസം പത്താം തീയതിയോടുകൂടി റേഷൻ കടകളില്‍ അവശേഷിക്കുന്ന അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ തീർന്നേക്കും. തുക ലഭിക്കാത്തതിനാല്‍ വാതില്‍ പടി വിതരണക്കാർ സാധനങ്ങള്‍ റേഷൻ കടകളിലേക്ക് എത്തിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു മാസമായി വാതില്‍ പടി വിതരണക്കാർക്ക് തുക കുടിശ്ശികയാണ്. ഈ തുക പൂർണമായി നല്‍കാതെ ഇനി റേഷൻ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കില്ല എന്ന നിലപാടിലാണ് വിതരണക്കാർ.


രണ്ടുമാസമായി റേഷൻ വ്യാപാരികള്‍ക്കും വേതനം ലഭിച്ചിട്ടില്ല. പലതവണ ഭക്ഷ്യ മന്ത്രിയെ വ്യാപാരികളും വാതില്‍പ്പടി വിതരണക്കാരും നേരിട്ട് കണ്ടെങ്കിലും പ്രശ്നപരിഹാരം ആയില്ല. ഈ മാസം പത്താം തീയതിക്കകം തുക നല്‍കിയില്ലെങ്കില്‍ സപ്ലൈകോ ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്തുമെന്ന മുന്നറിയിപ്പും വാതില്‍പ്പടി വിതരണക്കാർ നല്‍കിയിട്ടുണ്ട്. റേഷൻ മേഖലയിലെ പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നു. പണം ലഭിച്ചില്ലെങ്കില്‍ റേഷൻ കടകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരത്തിലേക്ക് പോകാനുള്ള ആലോചനയും വ്യാപാരികള്‍ക്കിടയില്‍ നടക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ