ന്യൂഡല്‍ഹി: ട്രാൻസ്പോർട്ട് വാഹനങ്ങള്‍ ഓടിക്കാൻ എൽ എം വി ലൈസൻസ് ഉടമയ്‌ക്ക് പ്രത്യേക ലൈസൻസ് ആവശ്യമില്ലെന്ന് സുപ്രീം കോടതി.
ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെ (എല്‍എംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഒരാള്‍ക്ക് 7,500 കിലോയില്‍ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ കഴിയുമെന്ന് സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.
എല്‍എംവി ലൈസൻസുള്ള വ്യക്തിക്ക് ബസ്, ട്രക്ക്, റോഡ് റോളർ എന്നിവ ഓടിക്കാൻ അനുമതി നല്‍കുന്നതിലൂടെ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്നും ഇത് ഇൻഷുറൻസ് കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഭാരം വർധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം പിൻവലിക്കണമെന്ന് ഇൻഷുറൻസ് സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.
ട്രാൻസ്‌പോർട്ട് വാഹനങ്ങള്‍ ഓടിക്കാൻ എല്‍എംവി ലൈസൻസ് ഉടമകള്‍ക്ക് അനുമതി നല്‍കിയ മൂന്നംഗ ബെഞ്ചിന്റെ 2017ലെ വിധിയെ ചോദ്യംചെയ്ത് ഇൻഷുറൻസ് കമ്പനികള്‍ സമർപ്പിച്ച ഹർജികളിലായിരുന്നു കോടതിവിധി.
എന്നാല്‍ മോട്ടോർ വെഹിക്കിള്‍സ് ആക്‌ട് (എംവി ആക്റ്റ്) പ്രകാരം വ്യക്തമാക്കിയിട്ടുള്ള അധിക പരിശീലനവും യോഗ്യതാ മാനദണ്ഡങ്ങളും 7,500 കിലോഗ്രാമിൽ കൂടുതലുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാൻ താൽപ്പര്യപ്പെടുന്ന വ്യക്തികൾക്കും വേണ്ടിയുള്ളതാണെന്നും അതിനാൽ ഇടത്തരം ചരക്ക്, യാത്രാ വാഹനങ്ങൾ, ഹെവി ഗുഡ്‌സ് ആൻഡ് പാസഞ്ചർ വാഹനങ്ങൾ എന്നിവ ഓടിക്കാൻ ഇവർക്ക് പ്രത്യേകം ലൈസൻസിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. എൽഎംവി ലൈസൻസ് കൈവശമുള്ളവർ ട്രാൻസ്പോർട്ട് വെഹിക്കിളുകൾ ഓടിച്ചത് അപകടങ്ങൾക്ക് കാരണമായ ഒരു സംഭവവും കക്ഷികൾ കോടതിക്ക് മുന്നിൽ കൊണ്ടുവന്നിട്ടില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.