സ്ഥാനത്തെ റോഡുകളില്‍ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകള്‍ വീണ്ടും പണിതുടങ്ങിയതായി റിപ്പോർട്ട്.
ഈ ക്യാമറകളുടെ പ്രവർത്തനത്തിനായി കെല്‍ട്രോണിന് നല്‍കേണ്ട തുകയുടെ മൂന്നു ഗഡുക്കളും സർക്കാർ നല്‍കിയതോടെ റോഡില്‍ നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീണ്ടും അയച്ചുതുടങ്ങി. ഈ നോട്ടീസ് പലർക്കും കിട്ടിത്തുടങ്ങി എന്നും റിപ്പോർട്ടുകള്‍ പറയുന്നു.
നേരത്തെ കെല്‍ട്രോണിന് തുക ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തല്‍ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്പോള്‍ 10-25 വരെ എണ്ണത്തിന് മാത്രമേ ഇത്രയും നാള്‍ പിഴ ചുമത്തിയിരുന്നുള്ളൂ. പിഴ രേഖപ്പെടുത്തി വാഹനത്തിന്‍റെ ആർസി ഉടമയ്ക്ക് നോട്ടീസ് അയയ്ക്കുന്നത് കെല്‍ട്രോണ്‍ ജീവനക്കാരാണ്. സർക്കാരില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ കെല്‍ട്രോണ്‍ നിയമിച്ച കരാർ ജീവനക്കാരില്‍ ഭൂരിഭാഗത്തെയും ജോലിയില്‍ നിന്നും പിൻവലിച്ചിരുന്നു. സെപ്റ്റംബർ മാസത്തോടെയാണ് സർക്കാർ കുടിശ്ശിക നല്‍കിത്തുടങ്ങയത്. ഇതോടെ കണ്‍ട്രോള്‍ റൂമുകള്‍ സജീവമായി. ക്യാമറകള്‍ 24 മണിക്കൂറും മിഴി തുറന്ന് നിയമം ലംഘിക്കുന്നവരുടെ ചിത്രം ഉള്‍പ്പെടെ കണ്‍ട്രോള്‍ റൂമുകളിലെത്തിച്ചു.
കഴിഞ്ഞ ജൂണ്‍ അഞ്ച് മുതലാണ് എ-ഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്ന് മാസത്തിലൊരിക്കല്‍ ക്യാമറ സ്ഥാപിക്കാൻ കെല്‍ട്രോണ്‍ ചെലവാക്കിയ പണം ഗഡുക്കളായി നല്‍കാനായിരുന്നു ധാരണ പത്രം. പദ്ധതിയില്‍ അഴിമതി ആരോപണം ഉയർന്നതോടെ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികള്‍ ഹൈക്കോടതിയിലെത്തി. മാത്രമല്ല ആദ്യ ധാരണ പത്രത്തിലെ പിശകുകള്‍ പരിഹരിച്ച് അനുബന്ധ ധാരണ പത്രം ഒപ്പു വച്ച ശേഷം പണം നല്‍കണമെന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം.
എം പരിവാഹൻ എന്ന മൊബൈല്‍ ആപ്പിലൂടെ വാഹനങ്ങള്‍ക്ക് പിഴയുണ്ടോ എന്ന് അറിയുവാൻ കഴിയും. ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങളെ പറ്റിയുള്ള പരാതികള്‍ ഓണ്‍ലൈനായി ഇ-ചെല്ലാൻ വെബ്സൈറ്റില്‍ തന്നെ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയത്ത് പിഴ അടയ്ക്കാത്തത് മൂലം വിചാരണ നടപടികള്‍ക്കായി കോടതിയിലേക്ക് അയയ്ക്കുന്ന കേസുകളില്‍ പിഴ അടയ്ക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് നേരിട്ടും പിഴ അടയ്ക്കാവുന്നതാണ്.