കണ്ണൂരില്‍ ഓട്ടോറിക്ഷകളുടെ നീണ്ടനിര ഇനി ഇല്ല, ആദ്യ ഘട്ടത്തില്‍ അഞ്ച് സ്റ്റേഷനുകള്‍

 


കണ്ണൂർ: ജില്ലയില്‍ സി.എൻ.ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വാഹനങ്ങള്‍ക്ക് ആശ്വാസമായി കൂടുതല്‍ സ്റ്റേഷനുകള്‍ വരുന്നു.

കണ്ണൂരിലും മാഹിയിലുമായി 12 സി.എൻ.ജി പമ്പുകളാണ് ഉടൻ തുറക്കുക. 2015 മാർച്ച്‌ മാസത്തിനകം ഇവ കമ്മിഷൻ ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ജില്ലയില്‍ ആവശ്യത്തിന് സി.എൻ.ജി പമ്പുകളില്ലാത്തത് ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്.

നിലവില്‍ കണ്ണൂർ നഗരത്തില്‍ സെൻട്രല്‍ ജയില്‍ പമ്പില്‍ മാത്രമാണ് സി.എൻ.ജിയുള്ളത്. ഇവിടെ ഓട്ടോറിക്ഷകളുടെ നീണ്ട നിരയാണ് ദിവസവും. ജില്ലയില്‍ ഒൻപത് സി.എൻ.ജി സ്റ്റേഷനുകള്‍ മാത്രമാണുള്ളത്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ സ്റ്റേഷനുകള്‍ തുറക്കാനൊരുങ്ങുന്നത്. 

ഗെയില്‍ പൈപ്പ് ലൈൻ പ്രാദേശികതലത്തില്‍ എത്തുന്നതോടെ സി.എൻ.ജി പമ്പുകള്‍ സജീവമാകുമെന്ന പ്രതീക്ഷയിലായിരുന്നു സി.എൻ.ജി ഓട്ടോ ഡ്രൈവർ ഉള്‍പ്പെടെയുള്ളവർ. കൂടാളിയിലെ സിറ്റി ഗ്യാസ് സ്റ്റേഷനുകളില്‍ നിന്നാണ് ഇന്ധനമെത്തിക്കുക. ജനുവരി, മാർച്ച്‌ മാസത്തോടെ സ്റ്റേഷനുകള്‍ പ്രവർത്തനസജ്ജമാകും. ഇവയുടെ നിർമ്മാണം നേരത്തെ ആരംഭിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലും പുതുതായി അഞ്ച് സി.എൻ.ജി സ്റ്റേഷനുകള്‍ മാർച്ചിനകം തുറക്കും. പുതിയ സ്റ്റേഷനുകള്‍ തുറക്കുന്നതോടെ കാസർകോട് ആകെ പത്ത്‌ സ്റ്റേഷനുകള്‍ ആകും. കാസർകോട്, ചെറുവത്തൂർ, കാഞ്ഞങ്ങാട്, കരിന്തളം, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകള്‍ വരുക. കാസർകോട്, ചെറുവത്തൂർ, തൃക്കരിപ്പൂർ, പെരിയ, കാഞ്ഞങ്ങാട് എന്നിവടങ്ങളിലാണ് നിലവില്‍ സി.എൻ.ജി സ്റ്റേഷനുകള്‍ പ്രവർത്തിക്കുന്നത്. കാഞ്ഞങ്ങാട് നിന്നാണ് ഇവിടങ്ങളിലേക്ക് ഇന്ധനമെത്തിക്കുക.


ആദ്യഘട്ടത്തില്‍ 5 സ്റ്റേഷനുകള്‍

ആദ്യഘട്ടമായി ഈ മാസം അഞ്ച് സി.എൻ.ജി സ്റ്റേഷനുകള്‍ തുറക്കും. തളിപ്പറമ്പ്, തലശ്ശേരി, വാരം, പാപ്പിനിശ്ശേരി, മാഹി എന്നിവിടങ്ങളിലാണ് ആദ്യം തുറക്കുന്നത്. തളിപ്പറമ്പ്, ഇരിട്ടി, പഴയങ്ങാടി, മാഹി എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇവ ജനുവരിയില്‍ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ചെറുപുഴ, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലെ സ്റ്റേഷനുകള്‍ മാർച്ചില്‍ പ്രവർത്തനമാരംഭിക്കും.

സൗകര്യ പ്രദമായ സ്ഥലമില്ലാത്തതാണ് പമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള തടസം. ഡീസല്‍, പെട്രോള്‍ ടാങ്കുകളുടെ നിശ്ചിത അകലത്തിലായിരിക്കണം സി.എൻ.ജി ടാങ്കുകള്‍ സ്ഥാപിക്കേണ്ടത്. ഇത് 50 സെന്റ് സ്ഥലമെങ്കിലുമുള്ള പെട്രോള്‍ പമ്പുകളില്‍ മാത്രമെ സാധിക്കുകയുള്ളു എന്നാണ് ഇക്കാര്യത്തിൽ അധികൃതരുടെ വിശദീകരണം.

കണ്ണൂർ ജില്ലയില്‍ 400 ഓളം സി.എൻ.ജി. ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്. ഇന്ധന ലാഭം കണക്കിലെടുത്ത് പലരും സി.എൻ.ജിയിലേക്ക് മാറുന്നുമുണ്ട്. ഇന്ധനം നിറക്കാൻ സംവിധാനമില്ലാത്തത് വെല്ലുവിളിയാകുന്നുണ്ട് എന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്.

വളരെ പുതിയ വളരെ പഴയ