പേരാമ്പ്ര : നാളെ മുതല്‍ പേരാമ്പ്ര സബ് ജില്ലാ യുവജനോത്സവം നടക്കുന്ന വെള്ളിയൂരില്‍ സിപിഎം കോണ്‍ഗ്രസ് സംഘർഷം.
സംഘർഷത്തില്‍ 8 പേർക്ക് പരുക്ക്. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. സംസ്‌ഥാന പാതയില്‍ കലാകാരന്മാർക്ക് അഭിവാദ്യം എഴുതുകയും കൊടി കെട്ടുകയും ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.
റോഡില്‍ അഭിവാദ്യമെഴുതിയ കെ എസ് യു എസ് എഫ് ഐ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
തുടർന്ന് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവർത്തകരും സി പി എം പ്രവർത്തകരും തമ്മിലാണ് സംഘർഷ മുണ്ടായത്. പേരാമ്പ്ര പൊലീസ് സ്‌ഥലത്ത് എത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പരുക്കേറ്റ കോണ്‍ഗ്രസ് കെ എസ് യു പ്രവർത്തകരായ ഇ.ടി.ഹമീദ് (56), വി.പി. നസീർ (36), വെള്ളിലോട്ട് ജസിൻ (22), അനന്ത പത്മനാഭൻ (20), എം.കെ. ആഷിഖ് (16), പി. അസ്‌ബിൻഷാ (21), എസ്‌എഫ്‌ഐ പ്രവർത്തകരായ അഭിജാത് (24), വിഷ്ണു ജഗത് (24) എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ സ്ഥലത്ത് പേരാമ്പ്ര പൊലീസ് ക്യാമ്പ് ചെയ്തു.
പേരാമ്പ്ര ഡിവൈഎസ്പി ഇന്നു കാലത്ത് ഇരു വിഭാഗങ്ങളെയും ചർച്ചക്ക് വിളിച്ചു.