പയ്യന്നൂർ: ദേശീയപാത നിർമാണം പൂർത്തിയാവുന്നതോടെ രണ്ടായി പിരിഞ്ഞ് പിലാത്തറ ടൗണ്‍. ദേശീയ പാത കടന്നു പോകുന്ന ജില്ലയിലെ ഏക ടൗണിനാണ് ഈ ദുര്യോഗം.
നാലു റോഡുകള്‍ കൂടിച്ചേരുന്ന നഗര മധ്യത്തില്‍ അടിപ്പാത വന്നതോടെയാണ് ആയിരക്കണക്കിന് വാഹനങ്ങള്‍ എത്തിച്ചേരുന്നതും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതുമായ ടൗണിന്റെ മുഖം വികൃതമായത്.
കാല്‍നടയാത്രയും ദുസ്സഹമാവും
പാലം തൂണുകളിലാക്കി അടിഭാഗം ഒഴിവാക്കണമെന്ന ആവശ്യം അവഗണിച്ച് അടിപ്പാതയില്‍ ഒതുക്കിയതാണ് ടൗണിന്റെ തലവര മാറ്റിയത്. അടിപ്പാത സ്ഥലം മാത്രം ഒഴിവാക്കി ബാക്കി ഭാഗം മണ്ണിട്ടുയർത്തി മതില്‍ തീർത്തതാണ് ദുരിതമായത്. സർവ്വീസ് റോഡ് ഇരു ഭാഗത്തും താഴെ കൂടി പോയതോടെ കാല്‍ നട യാത്രക്കാർക്ക് മുറിച്ചു കടക്കുകയും പ്രയാസം.
നഷ്ടമാകുന്നത് ബസ് സ്റ്റാൻഡും
പിലാത്തറ ബസ് സ്റ്റാൻഡ് ഒരു ഭാഗം പൂർണമായും ഏറ്റെടുത്താണ് പാത കടന്നു പോകുന്നത്. ഇവിടെയുള്ള ഷോപ്പിങ് കോംപ്ലക്സുകള്‍ പൊളിച്ചു നീക്കി. ബസ് സ്റ്റാൻഡ് ചുരുങ്ങിയതോടെ നഗരം കൂടുതല്‍ ഇടുങ്ങി. മുമ്പ് ദേശീയ പാതയോരത്തായിരുന്നു വാഹനങ്ങള്‍ പാർക്കു ചെയ്തിരുന്നത്. പാത ഉയർന്നതോടെ ഈ പാർക്കിങ് സൗകര്യം ഇല്ലാതായി. ഇതിനെല്ലാം പുറമെയാണ് തെക്കും വടക്കുമായി വിഭജിച്ചുള്ള വൻമതില്‍ കൂടി ഉയർന്നത്.
തൂണില്‍ പാലം ഉയർന്നിരുന്നുവെങ്കില്‍ ഇരു ഭാഗങ്ങളിലും മറയുണ്ടാവില്ല. ആളുകള്‍ക്ക് നടന്നു പോകാൻ പ്രയാസമില്ല. രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാമെന്നതിനു പുറമെ അടിഭാഗം പാർക്കിങ്ങിന് ഉപയോഗപ്പെടുത്തുകയും ചെയ്യാമെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.
മലയോരങ്ങളില്‍ നിന്നുള്‍പ്പെടെ ദേശീയ പാതയില്‍ എത്താൻ ഉപയോഗിക്കുന്ന ടൗണാണ് പിലാത്തറ. ചെറുപുഴ, പെരിങ്ങോം, പാടിയോട്ടുചാല്‍, കക്കറ, മാതമംഗലം തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ നിന്നും പഴയങ്ങാടി, തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന ദേശീയ പാതയിലെ ഏക ടൗണിനാണ് ഈ ദുര്യോഗം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആതുരാലയങ്ങള്‍ എന്നിവയുടെ സംഗമ ഭൂമി കൂടിയാണ് ചെറുതാഴം ഗ്രാമ പഞ്ചായത്തിന്റെ ഈ കേന്ദ്രം.
കല്ലുകൊത്ത് വ്യവസായത്തിലൂടെ വികസനത്തിലേക്ക് പിച്ചവെക്കുകയും ആധുനിക കാലത്ത് വികസനത്തിന്റെ പാരമ്യത്തിലെത്തുകയും ചെയ്ത ടൗണാണ് പിലാത്തറ. ദ്രുതഗതിയില്‍ വളർന്ന ഈ ടൗണാണ് പാത വികസനത്തിന്റെ ഇരയായി പിറകോട്ട് സഞ്ചരിക്കുന്നത്. കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, ഗവ. ആയുർവേദ കോളജ് തുടങ്ങിയ സ്ഥാപനങ്ങളുടെ അടുത്ത സ്ഥലം എന്ന പ്രാധാധ്യവും പിലാത്തറക്ക് സ്വന്തമാണ്.
പാത തൊടുന്ന ഏക നഗരം
തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ ടൗണുകള്‍ തൊടാതെയാണ് ദേശീയപാത കടന്നു പോകുന്നത്. പിലാത്തറ കഴിഞ്ഞാല്‍ കരിവെള്ളൂർ മാത്രമാണ് പാത തൊടുന്ന മറ്റൊരു ടൗണ്‍. എന്നാല്‍ കരിവെള്ളൂർ ടൗണ്‍ പിലത്താറയോളം വളർന്നിരുന്നില്ല. ബസ് സ്റ്റാൻഡുമില്ല. അതുകൊണ്ട് തന്നെ പാത കടന്നു പോകുന്ന വലിയ ടൗണ്‍ എന്ന നിലയില്‍ നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെങ്കില്‍ നഗരത്തെ ഒരു പരിധിവരെ രക്ഷിക്കാമായിരുന്നു എന്ന അഭിപ്രായം ശക്തമാണ്. തൂണില്‍ മേല്‍പ്പാലം വന്നിരുന്നുവെങ്കില്‍ നഗരത്തിന്റെ മുഖം മാറുമായിരുന്നുവെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.