Zygo-Ad

"വീട്ടമ്മയും വളയിട്ട കൈകളും" പ്രയോഗങ്ങൾ വേണ്ട; മാര്‍ഗ നിര്‍ദേശവുമായി വനിതാ കമ്മീഷൻ


ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ലിംഗ വിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗരേഖയിലാണ് ഇതു പറയുന്നത്.

ശുപാർശകള്‍ സഹിതം ഇക്കാര്യം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.

'വളയിട്ട കൈകളില്‍ വളയം ഭദ്രം' എന്നത് പോലെ ഏത് തൊഴിലായാലും സ്ത്രീകള്‍ രംഗത്തേക്കു വരുമ്പോള്‍ വളയെ കൂട്ടു പിടിക്കുന്ന തലക്കെട്ടുകള്‍ ഒഴിവാക്കുക. പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിന്റെ പരിഗണനകള്‍ സ്ത്രീ പദവിയുടെയും അതിന്റെ മാന്യതയുടെയും മുൻപില്‍ അപ്രസക്തമാണ്. 

സ്ത്രീകള്‍ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ കുഴപ്പത്തിലാകുമ്പോള്‍ 'പെണ്‍ബുദ്ധി പിൻബുദ്ധി' തുടങ്ങിയ പ്രയോഗം, 'അല്ലെങ്കിലും പെണ്ണ് ചെയ്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്' എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള അവതരണം തുടങ്ങിയവയും ഒഴിവാക്കണം.

സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കാൻ രഹസ്യമായി പുറപ്പെടുന്ന 'ഒളിച്ചോട്ട' വാർത്തകളില്‍ 'രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടി' എന്ന രീതിയില്‍ സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതരം വാർത്താ തലക്കെട്ടുകളും മാറ്റണം. 

പാചകം, വൃത്തിയാക്കല്‍, ശിശു സംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീകരണവും ശരിയല്ല. 'സെക്സി ഷറപ്പോവ' പോലെ ലൈംഗികച്ചുവയുള്ള തലക്കെട്ടുകള്‍ ഒഴിവാക്കണം. 

ലിംഗ സമത്വത്തിലധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീ പുസ്തകം അടിയന്തരമായി തയ്യാറാക്കണം. ഔദ്യോഗിക ഉപയോഗത്തിനും മാധ്യമങ്ങളുടെ ഉപയോഗത്തിനും ഇത് ലഭ്യമാക്കണമെന്നും കമ്മിഷൻ സർക്കാരിനോട് ശുപാർ‌ശ ചെയ്തിട്ടുണ്ട്.

ഭാഷാ വിദഗ്ധർ, ലിംഗ നീതിപരമായ വിഷയങ്ങളിലെ വിദഗ്ധർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ അംഗങ്ങളായ സമിതി രൂപവത്കരിച്ച്‌ ആറു മാസത്തിനകം പുസ്തകം തയ്യാറാക്കണം. സമിതിയിലെ വിദഗ്ധർ കഴിയാവുന്നത്ര സ്ത്രീകള്‍ ആയിരിക്കണമെന്നും ശുപാർശയില്‍ പറയുന്നു.

വളരെ പുതിയ വളരെ പഴയ