കണ്ണൂർ: എംഡിഎംഎയും കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായ സിനിമാ-ബിഗ് ബോസ് താരത്തെയും സുഹൃത്തിനെയും കോടതി റിമാൻഡ് ചെയ്തു.
നടനും ഗായകനും ബിഗ് ബോസ് താരവുമായ കുന്നത്തുനാട് കണ്ണങ്കര പള്ളിക്കൂടത്തുങ്കല്‍ പരീക്കുട്ടി എന്നു വിളിക്കുന്ന പി.എസ്. ഫരീദുദ്ദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയില്‍ പെരുമാലില്‍ ജിസ്മോൻ ദേവസ്യ (24) എന്നിവരെയാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്.
ശനിയാഴ്ച ഉച്ചയോടെ കാഞ്ഞാർ-വാഗമണ്‍ റൂട്ടില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും എക്സൈസിന്‍റെ പിടിയിലായത്.
സ്വകാര്യ ചാനലിലെ റിയാലിറ്റിഷോയായ ബിഗ് ബോസില്‍ മത്സരാർഥിയായിരുന്ന പരീക്കുട്ടി ഒരു അഡാർലൗ, ഹാപ്പി വെഡിംഗ്സ് എന്നീ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്, പരീക്കുട്ടി പെരുമ്പാവൂർ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ഗായകൻ കൂടിയായ പരീക്കുട്ടിക്ക് ഒട്ടേറെ ഫോളോവേഴ്സുമുണ്ട്.
വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റൂട്ടുകളില്‍ എക്സൈസ് നടത്തുന്ന പതിവു പരിശോധനയ്ക്കിടെയാണ് ഇരുവരുടെയും പക്കല്‍നിന്നു എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്.