മാനാഞ്ചിറയും പിടിമുറുക്കി മയക്കുമരുന്ന് സംഘം


 കോഴിക്കോട്: മതില്‍ച്ചാടി മയക്കു മരുന്ന് സംഘം പിടിമുറക്കുമ്പോള്‍ നഗരത്തില്‍ സഞ്ചാരികള്‍ക്ക് ഏക ആശ്വാസമായ മാനാഞ്ചിറ സ്‌ക്വയറും സുരക്ഷിതമല്ലാതാകുന്നു.

പലപ്പൊഴും മയക്കുമരുന്ന് സംഘങ്ങള്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാരെ അക്രമിച്ച്‌ പരിക്കേല്‍പിക്കുന്നതും നിത്യസംഭവമാണ്.നഗരത്തില്‍ ദിനം പ്രതിയെത്തുന്നത് ജില്ലക്കകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍ നിന്നുമായി ആയിരക്കണക്കിനാളുകളാണ്. ഇവർക്ക് നഗരത്തില്‍ ചെലവഴിക്കാനുള്ള ഇടങ്ങളാണ് സരോവരം ബയോപാർക്കും ബീച്ചും മാനാഞ്ചിറസ്‌ക്വയറും അവിടുത്തെ അൻസാരി പാർക്കും. ഇതില്‍ നഗരമദ്ധ്യത്തിലുള്ള മാനാഞ്ചിറയില്‍ അനേകം പേരാണ് കുടുംബവുമായി സായാഹ്നം ചെലവഴിക്കാനെത്തുന്നത്. മതില്‍ ഉയർത്തി മാനാഞ്ചിറ സ്‌ക്വയറിനെ കൂടുതല്‍ സുരക്ഷിതമാക്കണമെന്നും കൂടുതല്‍ ജീവനക്കാരെ അനുവദിക്കണമെന്നും പൊലീസിന്റെ സ്ഥിരം സാന്നിദ്ധ്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ മേയർക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഉച്ചയ്ക്ക് 2.30 ന് തുറക്കും പക്ഷേ

ഉച്ചയ്ക്ക് 2.30 നാണ് ഒരു കോമ്പൗണ്ടിനുള്ളിലുള്ള മാനാഞ്ചിറ സ്‌ക്വയറും അൻസാരിപാർക്കും തുറക്കുന്നത്. നാല് പ്രവേശന കവാടമുള്ള ഇവിടെ, രണ്ടരയ്ക്ക് സ്‌ക്വയർ തുറക്കുന്നതിന് മുൻപ് തന്നെ റെയിൻ ഷെല്‍ട്ടറുകളിലും മരത്തണലിലും നിരവധിപേർ കിടന്നുറങ്ങുന്നുണ്ടാവും. ഇവരെങ്ങിനെ ഇവിടെ എത്തി എന്ന് ചോദിച്ചാല്‍ മതില്‍ ചാടികടന്നു എന്ന് മറുപടി. പുല്‍ത്തകിടിയില്‍ വെയിലില്ലാതെ ഇരിക്കാൻ അഞ്ചു മണിയാവണം. അതുവരെ ആശ്രയം ഇത്തരം റെയിൻ ഷെല്‍ട്ടറുകളും മരത്തണലുകളുമാണ്. അവിടെയാണ് മതില്‍ ചാടികടന്നെത്തുന്നവർ ഇടം പിടിച്ചിട്ടുള്ളത്.

മുൻ കാലങ്ങളില്‍ രാത്രി പത്തു മണി വരെ തുറന്നിട്ട സ്‌ക്വയർ ഇപ്പോള്‍ 8.30ന് അടക്കും. അപ്പോള്‍ പുറത്തിറങ്ങാത്തവരെ തുരത്താനെത്തിയാല്‍ പലപ്പോഴും ഇത്തരം സംഘങ്ങള്‍ ജീവനക്കാരെ അക്രമിക്കാറുണ്ട്. ഒരാള്‍ക്കാണ് ഇവിടെ സ്ഥിരം ഡ്യൂട്ടി. അക്രമം പതിവായതോടെ കോർപ്പറേഷന്റെ മറ്റ് മേഖലകളില്‍ നിന്നും പുറത്താക്കാൻ വേണ്ടി മാത്രം ജീവനക്കാരെ എത്തിക്കും. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുമ്പില്‍ നിന്ന് ഒരു റോഡ് മുറിച്ചു കടക്കാൻ മാത്രം ദൂരമുള്ള മാനാഞ്ചിറ സ്‌ക്വയറില്‍ സഞ്ചാരികള്‍ സമാധാനപരമായി വൈകുന്നേരം ആസ്വദിക്കാൻ അവസരമുണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

റെയിൻ ഷെല്‍ട്ടറിനടിയില്‍ കഞ്ചാവ് കൈമാറ്റം:-

മാനാഞ്ചിറ സ്‌ക്വയറില്‍ ആറ് റെയിൻ ഷെല്‍ട്ടറുകളുണ്ട്. എന്നാല്‍ അൻസാരി പാർക്കിനുള്ളിലെ ഷെല്‍റ്ററില്‍ പലപ്പോഴും രഹസ്യമായ മയക്കു മരുന്ന് കൈമാറ്റമാണ് നടക്കുന്നത്. സ്ഥിരമായെത്തുന്ന പലരും ഇത് കണ്ടിട്ടുണ്ട്.

പക്ഷെ പേരു പറഞ്ഞാല്‍ പണി കിട്ടുമെന്നതിനാല്‍ മിണ്ടാനില്ലെന്ന് അവരുടെ സാക്ഷ്യം. സ്‌ക്വയർ തുറക്കുന്നതോടെ സംഗീതം പൊഴിക്കുന്നതാണ് ഇവിടത്തെ റെയിൻ ഷെല്‍ട്ടറുകള്‍." ഇതിനടിയില്‍ സംഗീതം ആസ്വദിച്ച്‌, പലരും ഉറങ്ങുന്ന പോലെ കിടക്കുകയാവും. ഇടയ്ക്ക് കാലു കൊണ്ട് തൊട്ടടുത്ത് വെച്ച ബാഗ് നീക്കി പരസ്പരം കൈമാറും. കണ്ടു നില്‍ക്കുന്നവർക്കൊന്നും സംശയമുണ്ടാവില്ല. അവരത് തലയ്ക്ക് വച്ച്‌ വീണ്ടും ഉറങ്ങും. എപ്പോഴാണ് വന്നു പോകുന്നതെന്ന് അറിയില്ല." അൻസാരി പാർക്കില്‍ പതിവായി ഉച്ചയ്‌ക്കെത്തുന്ന മദ്ധ്യ വയസ്‌കന്റെ സാക്ഷ്യം.

" മാനാഞ്ചിറ സ്‌ക്വയർ മയക്കുമരുന്ന് - മദ്യപ സംഘങ്ങള്‍ കൈയടക്കുന്നത് അനുവദിക്കില്ല. യൂണിഫോമില്ലാതെ സ്‌കൂള്‍ -കോളജ് വിദ്യാർത്ഥികളുടെ വരവും അതിലേറെ മദ്യ - മയക്കുമരുന്ന് സംഘങ്ങളുടെ കൈയേറ്റങ്ങളുമെല്ലാം ഇവിടെ നടത്തിയ പരിശോധനയില്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാനാഞ്ചിറ സ്‌ക്വയറിലെ മതിലിന്റെ ഉയരം കൂട്ടിയത് കൊണ്ട് ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാമെന്ന വിശ്വാസമില്ല. പൊലീസും കോർപ്പറേഷൻ അധികൃതരുമെല്ലാം ഒരുപോലെ ഇടപെട്ടാല്‍ ഇത്തരം ഇടപെടലുകളെ തുടച്ച്‌ നീക്കാനാവും.

വളരെ പുതിയ വളരെ പഴയ