കണ്ണൂര്‍: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.
എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിമാൻഡിലായിരുന്ന ദിവ്യ ജയില്‍ മോചിതയായത്.
കേസില്‍ നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി എടുത്തിട്ടില്ല. കമ്മീഷണറുടെ നേതൃത്വത്തില്‍ പുതിയ സംഘമാണ് അന്വേഷിക്കുന്നത്. കളക്ടറുടെ മൊഴിയും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയും എടുക്കേണ്ടതുണ്ട്.
കേസില്‍ ദിവ്യക്കുള്ള സംരക്ഷണം കണ്ണൂര്‍ ജില്ലാ കമ്മിറ്റി തുടരുകയാണ്. ദിവ്യയുടേത് സദുദേശ പ്രസ്താവനയെന്ന നിലപാടിലാണ് ജില്ലാ കമ്മിറ്റി. എന്നാല്‍ പാര്‍ട്ടി നവീന്‍ ബാബുവിനൊപ്പം എന്ന പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ നിലപാട് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ആവര്‍ത്തിക്കുന്നുമുണ്ട്.
പാര്‍ട്ടി നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണ് എന്നത് കൊണ്ടാണ് താൻ പത്തനംതിട്ട വരെ മൃതദേഹത്തെ അനുഗമിച്ചതെന്നാണ് ജയരാജന്‍ പറഞ്ഞത്.