തിരുവനന്തപുരം: വൈദ്യുതി മേഖലയില്‍ ഏറെക്കാലമായി കേള്‍ക്കുന്ന സ്മാർട് മീറ്റർ ബില്ലിങ് വൈകാതെ നടപ്പാകും. സ്മാർട്ട് മീറ്ററിനുള്ള ടെൻഡറിലേക്ക് കെ.എസ്.ഇ.ബി കടന്നതിനു പിന്നാലെ വിശദ പദ്ധതി റിപ്പോർട്ട് അനുമതിക്കായി റെഗുലേറ്ററി കമീഷന് സമർപ്പിച്ചു.
കെ.എസ്.ഇ.ബിയുടെ 2027 വരെയുള്ള വിതരണ മേഖലയിലെ മൂലധന നിക്ഷേപ പദ്ധതിക്ക് അനുമതി തേടിയുള്ള അപേക്ഷക്ക് അനുബന്ധമായാണ് സ്മാർട്ട് മീറ്റർ ഡി.പി.ആറും നല്‍കിയത്. മൂലധന നിക്ഷേപ പദ്ധതിയില്‍ ചൊവ്വാഴ്ച റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ സ്മാർട്ട് മീറ്ററും പരിഗണനക്ക് വരും.
ടോട്ടെക്സിന് പകരം കാപെക്സ്
കേന്ദ്ര സഹായത്തോടെ നടപ്പാക്കാൻ തീരുമാനിച്ച ടോട്ടെക്സ് രീതിക്ക് ബദലായി കാപെക്സ് രീതിയാണ് നടപ്പാക്കുന്നത്. 2023ല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും കഴിഞ്ഞ മേയിലാണ് ഭരണാനുമതി ലഭിച്ചത്.
കരാർ കമ്പനി മുഴുവൻ ചെലവ് വഹിക്കുകയും പിന്നീട് തിരിച്ച് ഈടാക്കുകയും ചെയ്യുന്ന കേന്ദ്രം നിർദേശിച്ച ടോട്ടെക്സ് രീതിയോട് കെ.എസ്.ഇ.ബി സംഘടനകള്‍ എതിർപ്പ് ഉയർത്തിയിരുന്നു. ഇതിന് ബദലായാണ് ബില്ലിങ്ങും അനുബന്ധ സേവനങ്ങളും കെ.എസ്.ഇ.ബി നിയന്ത്രണത്തില്‍ തന്നെയാക്കുന്ന കാപെക്സ് രീതി നടപ്പാക്കുന്നത്.
അധികഭാരമാവില്ലെന്ന് ബോർഡ്
മീറ്ററിന്‍റെ വില, ഹെഡ് എൻഡ് സിസ്റ്റം, മീറ്റർ ഡേറ്റ മാനേജ്‌മെന്റ് കമ്യൂണിക്കേഷൻ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് ചാർജ്, സോഫ്റ്റ്വെയർ ടെസ്റ്റിങ്ങിനും സൈബർ സെക്യൂരിറ്റിക്കുമുള്ള ചാർജ്, 93 മാസത്തേക്കുള്ള ഓപറേഷൻ-മെയ്ന്‍റനൻസ് ചാർജ് എന്നിവ ഉള്‍പ്പെടുന്ന ചെലവുകള്‍ ടോട്ടെക്സ് മാതൃക പ്രകാരം 93 പ്രതി മാസ തവണയായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനായിരുന്നു ശ്രമം. പുതിയ സംവിധാനം ഉപഭോക്താക്കള്‍ അധിക ഭാരമാവില്ലെന്നാണ് കെ.എസ്.ഇ.ബി വിശദീകരണം.
കുടിശ്ശികവരുത്തുന്ന സർക്കാർ സ്ഥാപനങ്ങള്‍ ഇരുട്ടിലാകും
സ്മാർട്ട് മീറ്റർ വരുന്നതോടെ, കൃത്യമായി പണമടക്കാതെ വൻതുക കുടിശ്ശികയുള്ള സർക്കാർ-പൊതുമേഖല സ്ഥാപനങ്ങള്‍ കുടുങ്ങും. പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്തുന്നതോടെ കുടിശ്ശികക്കാർക്ക് വൈദ്യുതി കിട്ടാത്ത സാഹചര്യമുണ്ടാവും.
ആകെ ശരാശരി വാർഷിക കുടിശ്ശിക 400 കോടിക്ക് മുകളിലാണ്. സ്മാർട്ട് മീറ്റർ വരുന്നതോടെ സർക്കാർ-പൊതു മേഖല സ്ഥാപനങ്ങളില്‍ നിന്നുള്ള നിലവിലെ വരുമാനത്തില്‍ 150 കോടിയുടെ വർധനയാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.
ജീവനക്കാർ തന്നെ സ്മാർട്ട് മീറ്റർ സ്ഥാപിക്കും. പഴയ മീറ്റർ മാറ്റി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന ജോലി കെ.എസ്.ഇ.ബി ജീവനക്കാരാകും നിർവഹിക്കുക.
ആദ്യ ഘട്ടത്തില്‍ സിസ്റ്റം മീറ്ററുകള്‍, സർക്കാർ സ്ഥാപനങ്ങളുടെ മീറ്ററുകള്‍, എച്ച്.ടി ഉപഭോക്താക്കളുടെ മീറ്ററുകള്‍ എന്നിങ്ങനെ മൂന്നു ലക്ഷം മീറ്ററുകള്‍ സ്ഥാപിക്കും. രണ്ടും മൂന്നും ഘട്ടങ്ങളില്‍ 17 ലക്ഷം ഉപഭോക്താക്കള്‍ക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കും.
അടുത്ത വർഷം ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടാംഘട്ടത്തില്‍ എറണാകുളം, ഫറോക്ക്, കഴക്കൂട്ടം ഡിവിഷനുകളില്‍ മുഴുവൻ കണക്ഷനുകളും സ്മാർട് മീറ്ററിലാക്കും.
2026 ഡിസംബറിലെ മൂന്നാംഘട്ടത്തില്‍ തിരുവനന്തപുരം, തൃപ്പൂണിത്തുറ ഡിവിഷനുകളിലെ എല്ലാ കണക്ഷനുകളും സ്മാർട്ട് മീറ്ററിലേക്ക് മാറും.