കോഴിക്കോട്: കോണ്‍ഗ്രസ് ഭരിച്ചിരുന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സിപിഎമ്മിന്‍റെ പിന്തുണയോടെ കോണ്‍ഗ്രസ് വിമതര്‍ പിടിച്ചെടുത്തതിനെ തുടർന്ന് കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ് നീങ്ങി.
ബാങ്കില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും നിക്ഷേപം പിന്‍വലിച്ചു തുടങ്ങി. ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുക്കുന്ന സഹകരണ ബാങ്കുകളോടു സഹകരിക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പ്രസ്താവനയെ തുടര്‍ന്നാണ് ചേവായൂര്‍ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ച് തുടങ്ങിയത്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന്‍റെ നടപടികള്‍ ആരംഭിച്ചതായി ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.
ചേവായൂര്‍ ബാങ്ക് ഹെഡ് ഓഫീസില്‍ നിന്ന് ഒരുകോടി രൂപയും പാറോപ്പടി ബ്രാഞ്ചില്‍ നിന്ന് 60 ലക്ഷവും പിന്‍വലിക്കണമെന്ന ആവശ്യവുമായി നിക്ഷേപകരെത്തി. ബാങ്കില്‍ പണമില്ലാത്തതിനാല്‍ ഇന്നുവരാന്‍ പറഞ്ഞു അധികൃതര്‍ മടക്കി അയച്ചു. പണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസങ്ങളില്‍
കൂടുതല്‍ നിക്ഷേപകര്‍ ബാങ്കിന്‍റെ വിവിധ ശാഖകളിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെയുള്ള ജനാധിപത്യ സംരക്ഷണ സമിതി ഭരണം പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ ഔദ്യോഗിക പാനലും ജനാധിപത്യ സംരക്ഷണ സമിതിയും തമ്മിലായിരുന്നു പ്രധാന മത്സരം. വലിയ തോതിലുള്ള കള്ളവോട്ടും നടന്നു. ഇരു മുന്നണികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
പോലീസിനെ ഉപയോഗിച്ച് സിപിഎം ഭരണം പിടിച്ചെടുത്തുവെന്ന് ആരോപിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആ്രകമിച്ചതില്‍ പ്രതിഷേധിച്ചും ഞായറാഴ്ച യുഡിഎഫ് കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി വര്‍ഷങ്ങളായി ഭരണം നടത്തുന്ന ബാങ്കാണ് കോണ്‍ഗ്രസിലെ തര്‍ക്കം കാരണം നഷ്ടപ്പെട്ടത്.
508 കോടി നിക്ഷേപവും 235 കോടിയുടെ വായ്പയുമുള്ള കോഴിക്കോട് ജില്ലയിലെ പ്രഥമ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് ബാങ്കാണിത്. 100 കോടിയുടേതാണ് ആസ്തി. എട്ട് ബ്രാഞ്ചുകളുണ്ട്. 47 ജീവനക്കാരും 36,000 അംഗങ്ങളുമുണ്ട്.
ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ഇനി നിയമപോരാട്ടം
കോഴിക്കോട്: അക്രമസംഭവങ്ങളും തുടര്‍ന്നുണ്ടായ ഹര്‍ത്താലും കൊണ്ട് സംസ്ഥാനശ്രദ്ധ ആകര്‍ഷിച്ച ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇനി നിയമപോരാട്ടം. സിപിഎം പിന്തുണയില്‍ കോണ്‍ഗ്രസ് വിമതർ വിജയിച്ച ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ബിജെപിയും കോടതിയെ സമീപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അക്രമ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അതിന് പോലീസ് ഒത്താശചെയ്‌തെന്നും റിട്ടേണിംഗ് ഓഫീസര്‍ കടമ നിര്‍വഹിച്ചില്ലെന്നുമാണ് ആക്ഷേപം. ഇക്കാര്യങ്ങളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്തിലുള്ള പോലീസ് സിപിഎം അതിക്രമങ്ങള്‍ കയ്യും കെട്ടി നോക്കി നിന്നെന്നും വ്യാപകമായി കള്ള വോട്ടുകളും അട്ടിമറിയും നടന്നിട്ടും റിട്ടേണിംഗ് ഓഫീസര്‍ പക്ഷപാതം കാണിച്ചെന്നുമാണ് കോണ്‍ഗ്രസ് പരാതി.ഈ മാസം 30 ന് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചും നിശ്ചയിച്ചിട്ടുണ്ട്.
സിപിഎം പിന്തുണയോടെ ജനാധിപത്യ സംരക്ഷണസമിതി എന്ന ബാനറില്‍ മത്സരിച്ച കോണ്‍ഗ്രസ് വിമതരാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്നും ഭീഷണിയെത്തുടര്‍ന്നും നിരവധി വോട്ടര്‍മാര്‍ക്കാണ് വോട്ടു ചെയ്യാനാനാതെ മടങ്ങേണ്ടി വന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരേപോലും കഴിഞ്ഞ ദിവസം അതിക്രമങ്ങള്‍ നടന്നിരുന്നു.
36,000 അംഗങ്ങളുള്ള ബാങ്കില്‍ എട്ടായിരത്തോളം പേരാണ് വോട്ട് ചെയ്യാനെത്തിയത്. ഇക്കാര്യങ്ങളും കോണ്‍ഗ്രസ് കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.