ന്യൂഡൽഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ ആവശ്യ പ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റി വെച്ചിരുന്നത്.
പക്ഷെ പാസ്പോര്‍ട്ട് അന്വേഷണ സംഘത്തിന് നല്‍കണം.പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം.
സിദ്ദിഖ് മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി വാദത്തിനിടയില്‍ ചോദിച്ചിരുന്നു. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കെതിരെ പരാതി നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സിദ്ദിഖ് അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയില്‍ വാദിച്ചു. പരാതി നല്‍കാന്‍ വൈകിയതില്‍ സുപ്രീംകോടതി പരാതിക്കാരിയോട് വീണ്ടും വിശദീകരണം തേടിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമാണ് പരാതി നല്‍കാന്‍ ധൈര്യമുണ്ടായതെന്ന് അതിജീവിത മറുപടി നല്‍കി. ഇതിനിടയില്‍ സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടിയും ആവർത്തിച്ചു.
സിദ്ദിഖിനെതിരെ സാക്ഷിമൊഴികളുണ്ട്, മറ്റ് തെളിവുകളുമുണ്ടെന്നും, നടന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കേണ്ടതുണ്ടെന്നും എസ്‌ഐടി സുപ്രീംകോടതിയെ അറിയിച്ചു.