കണ്ണൂർ:പകല്‍ച്ചൂടില്‍ വിയർത്തും രാത്രി തണുപ്പില്‍ വിറച്ചും കേരളം. ദിവസങ്ങളായി സംസ്ഥാനത്ത് പകല്‍ സമയത്ത് പൊള്ളുന്ന ചൂടും രാത്രിയിലും പുലർകാലങ്ങളിലും കടുത്ത തണുപ്പും അനുഭവപ്പെടുന്നത് തുടരുകയാണ്.
തുലാവർഷം ദുർബലമായതാണ് ഈ കാലാവസ്ഥാ മാറ്റത്തിനു പിന്നിലെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
സാധാരണയായി വൃശ്ചിക കുളിർ അനുഭവപ്പെട്ടു തുടങ്ങുന്നത് വൃശ്ചിക മാസം അവസാനത്തോടെയാണ്. എന്നാല്‍ ഇക്കുറി വൃശ്ചികം ആരംഭിച്ചപ്പോള്‍ തന്നെ രാത്രി താപനില വലിയ തോതില്‍ കുറയുകയും പുലർകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിനൊപ്പമാണ് പകല്‍ സമയങ്ങളില്‍ കടുത്ത ചൂടും അനുഭവപ്പെടുന്നത്. ഈ കാലാവസ്ഥാ മാറ്റം രോഗ സാധ്യത വർധിപ്പിക്കുമെന്നും അതിനാല്‍ ജാഗ്രത വേണമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും കൂടിയ പകല്‍ താപനില 33 ഡിഗ്രിക്കും 39 ഡിഗ്രിക്കും ഇടയിലാണ്. അതേ സമയത്തു തന്നെയാണ് രാത്രി താപനില പലയിടങ്ങളിലും 15 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്നത്.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടത് കണ്ണൂരിലാണ്. ജില്ലയിലെ പിണറായിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 39.2 ഡിഗ്രി സെല്‍ഷ്യസാണ്. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 23.1 ഡിഗ്രിയും.
എറണാകുളം ജില്ലയിലെ രണ്ടിടങ്ങളില്‍ പകല്‍ച്ചൂട് 37.1 ഡിഗ്രി അനുഭവപ്പെട്ടപ്പോള്‍ രാത്രി താപനില 22.8 ഡിഗ്രി വരെ താഴ്ന്നു. കാസർഗോഡ് ജില്ലയിലെ പാണത്തൂർ, പീലിക്കോട് എന്നിവിടങ്ങളില്‍ കൂടിയ പകല്‍ താപനില 37.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ രാത്രിയിലെ കുറഞ്ഞ താപനില 21.3 ഡിഗ്രി വരെയെത്തി. പ്രധാന ഹില്‍ സ്റ്റേഷനുകളിലെല്ലാം ഏറ്റവും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസിനടുത്തു വരെ എത്തിയതായാണ് കണക്കുകള്‍.
മൂന്നാറില്‍ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11.1 ഡിഗ്രി സെല്‍ഷ്യസാണ്. തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയില്‍ അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെല്‍ഷ്യസാണ്.
തുലാവർഷം ശക്തിപ്പെടുംവരെ കാലാവസ്ഥാ മാറ്റം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.
